മൂലധനമില്ലാത്തതിനാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായ തിരുവല്ല ചുമത്രയിലെ പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി അടച്ചുപൂട്ടലിലേക്ക്.
ഒരു കാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്നു പൊതുമേഖലയിലുള്ള ട്രാക്കോ കേബിൾ കമ്പനി. ഐഎസ്ഒ അംഗീകാരമുള്ള സ്ഥാപനമെന്ന നിലയില്‍ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉല്പന്നങ്ങളായിരുന്നു ഇവിടെ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. തിരുവല്ലയെ കൂടാതെ ഇരുമ്പനം, പിണറായി എന്നിവിടങ്ങളിലായി രണ്ട് യൂണിറ്റുകളും വനിത ജീവനക്കാരുള്‍പ്പെടെ 500 ൽ അധികം ജീവനക്കാരുമുണ്ട്.
1964 ലാണ് ഇരുമ്പനത്തെ യൂണിറ്റ് ആരംഭിക്കുന്നത്. 1989ല്‍ തിരുവല്ലയിലും പ്രവര്‍ത്തനം ആരംഭിച്ചു. കെഎസ്ഇബിക്കുവേണ്ടി ഉന്നത ഗുണനിലവാരമുള്ള എസിഎസ്ആർ, എൽടി, എച്ച്ടി, യുജി കേബിളുകൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളാണ് ഇരുമ്പനത്തും തിരുവല്ലയിലുമുള്ളത്. മുൻകാലങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ രണ്ടു യൂണിറ്റുകളിലും പ്രവർത്തന മൂലധനമില്ലാത്തതിനാലും കെഎസ്ഇബിയിൽ നിന്നും ഓർഡറുകൾ ലഭിക്കാത്തതിനാലും കഴിഞ്ഞ ഒരു വർഷമായി ഉല്പാദനം പൂർണമായും നിലച്ചിരിക്കയാണ്. ആവശ്യമുള്ളത്ര കേബിളുകള്‍ നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് കെഎസ്ഇബി ഓര്‍ഡര്‍ നിര്‍ത്തിയത്. ഇതോടെ ഇരുമ്പനത്തേയും തിരുവല്ലയിലെയും യൂണിറ്റുകൾ അടച്ചുപൂട്ടലിലേക്കെത്തി.
ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടൊപ്പം ശമ്പളപരിഷ്കരണമുൾപ്പെടെ നിരവധി ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. 2016 മുതൽ കമ്പനിയുടെ മൂന്ന് യൂണിറ്റുകളിലുമായി വിരമിച്ച നൂറിലധികം ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. ജീവനക്കാരുടെ പ്രതിഷേധം മറികടക്കാനായി മാനേജുമെന്റ് വണ്ടി ചെക്കുകൾ നൽകി വിരമിച്ചവരെ കബളിപ്പിച്ചെന്നും ആരോപണമുണ്ട്.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രിയുടെ ശക്തമായ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
English Summary: No working capital, Thiruvalla Traco Cable Company closed down
You may also like this video