Site iconSite icon Janayugom Online

സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ട; മുഖ്യമന്ത്രി

നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ നവകേരള സദസിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങിനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു.

അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്. ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ല. നിലവിലെ സംവരണ രീതി മാറ്റണം എന്ന ആവശ്യമൊക്കെ ഉയരുന്നുണ്ടെങ്കിലും സംവരണത്തിൽ തൊട്ടുകളി വേണ്ട എന്നതാണ് പൊതുവിൽ സർക്കാർ സ്വീകരിച്ച നിലപാട്. കയറ്റിറക്ക് മേഖലയിലടക്കം തൊഴിലാളികൾക്ക് ന്യായവും അർഹവുമായ സംരക്ഷണം എന്നതാണ് സർക്കാർ നയം.

ന്യായമായ വിധത്തിൽ അവർക്ക് ജോലിചെയ്യാൻ സൗകര്യമൊരുക്കും. കയറ്റിറക്ക് ചുമട്ടുതൊഴിലാളികളെ നിരോധിക്കുക സാധ്യമല്ല. അതേസമയം നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകൾ കണ്ടാൽ കർശന നിയമനടപടി സ്വീകരിക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവസ്ഥ കാര്യമായി ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടാകണം. കുടുംബവും സമൂഹവും അത് രോഗവസ്ഥയാണെന്ന് കണ്ടുപെരുമാറണം. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നല്ല രീതിയിൽ സർക്കാർ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ മൂന്ന് മാനസിക ചികിത്സാ കേന്ദ്രങ്ങളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവ ശക്തിപ്പെടുത്തും.
നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും കാലത്തിനനുസരിച്ചു മാറണം. കാലാനുസൃതമായ കോഴ്സുകൾ, ലൈബ്രറി, ലാബ്, മറ്റ് അക്കാദമിക സൗകര്യങ്ങൾ എല്ലാം വേണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ മികച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നഴ്സിംഗ് മേഖലയിൽ സർക്കാർ കോളേജുകളിൽ മാത്രം 400 ൽ അധികം പുതിയ സീറ്റുകൾ സൃഷ്ടിച്ചു. ആകെ 1500 സീറ്റുകളാണ് ഇങ്ങിനെ വർധിപ്പിച്ചത്.

അറബിക് സർവകലാശാല എന്ന ആശയം പരിഗണനയിലുണ്ട്. ഭൂമിതരംമാറ്റം വേഗതയിൽ ആക്കുക എന്നതാണ് സർക്കാർ കാണുന്നത്. നേരത്തെ ആർ ഡി ഒയ്ക്ക് മാത്രം ഉണ്ടായിരുന്ന ഭൂമിതരംമാറ്റത്തിനുള്ള അധികാരം ഇപ്പോൾ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകി. എങ്കിലും നടപടികൾക്കുള്ള വേഗത ഇനിയും കൂട്ടണം എന്നാണ് നിലപാട്. സർക്കാർ ഫയൽനീക്കം നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട്.

എങ്കിലും മുഴുവനുമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടി സുരഭി ലക്ഷ്മി, ജയരാജ് കുന്നമംഗലം, സബൂർ തങ്ങൾ, മതസാമുദായിക നേതാക്കളായ ഉമർ ഫൈസി, ഡോ. ഹുസൈൻ മടവൂർ, ചലച്ചിത്ര പ്രവർത്തകൻ ഗിരീഷ് ദമോദർ, മാധവൻ നമ്പൂതിരിപ്പാട്, എൻ അലി അബ്ദുള്ള, വ്യവസായി ഖാലിദ്, ഷംസുദ്ദിൻ തുടങ്ങിയവർ സംവദിച്ചു. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പദ്മശ്രീ അലി മണിക്ഫാൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

Eng­lish Sum­ma­ry: no wor­ries for the reserved cat­e­go­ry ; cm
You may also like this video

Exit mobile version