Site iconSite icon Janayugom Online

സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദലി നിരാഹാരം അവസാനിപ്പിച്ചു

ശിരോവസ്ത്രം ധരിക്കാതെ തന്നെ വൈദ്യ സഹായം ലഭ്യമാക്കിയതിനെ തുടർന്ന് ഇറാനിലെ തടവറയിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദലി നിരാഹാരം അവസാനിപ്പിച്ചു. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള നർഗീസിനെ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് നർഗീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ബന്ധുക്കൾ അറിയിച്ചു.

നർഗീസിനും സഹ തടവുകാർക്കും ലഭിക്കുന്ന വൈദ്യ സഹായത്തിലെ അപര്യാപ്തതയിലും പൊതു ഇടങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന നിയന്ത്രണങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് നർഗീസ് നിരാഹാരം ആരംഭിച്ചത്. ഇറാനിൽ സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ പോരാട്ടം നടത്തുന്ന നർഗീസിന് ഒക്ടോബറിലാണ് സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചത്.

2022 സെപ്റ്റംബറിൽ ശിരോവസ്ത്രം ധരിക്കാത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ഇറാനിൽ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവവും ടെഹ്റാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഹിജാബ് ധരിക്കാത്തതിന് മെട്രോയിൽ ആക്രമിക്കപ്പെട്ട് ഒരാഴ്ചയോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ 16കാരിയായ അമിതാ ഗർവാന്ദ് പിന്നീട് മരണപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Nobel Peace Price Win­ner Narges Moham­ma­di Ends Hunger Strike
You may also like this video

Exit mobile version