Site iconSite icon Janayugom Online

നർഗേസിന്റെ നൊബേൽ, മഹ്സയുടെ ബലിപ്പൂവുകൾ

മതരാഷ്ട്രങ്ങളിൽ പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങൾ ജനനം മുതൽ ലിംഗഭേദത്തിന്റെ ഇരകളാണ്. അവർ പുരുഷമേൽക്കോയ്മയും അസമത്വവും അനുഭവിക്കാൻ വിധിക്കപ്പെട്ടവരുമാണ്. അടിച്ചേല്പിക്കപ്പെടുന്ന അസ്വാതന്ത്ര്യത്തെ ദൈവനിന്ദാ ഭീഷണികൾ ഉയർത്തി പുരോഹിതവർഗം മതപരമായി സാധൂകരിക്കുന്നു. അതിലൂടെ സ്ത്രീവിരുദ്ധതയെ വിദഗ്ധമായി മഹത്വവൽക്കരിക്കുകയാണ് പുരുഷാധിപത്യ മതങ്ങൾ ചെയ്തുപോരുന്നത്. പുരോഹിതർ തന്നെ ഭരണാധിപരാകുന്ന രാഷ്ട്രങ്ങളിലെ സ്ത്രീദുരിതം അവർണനീയമാണ്. പേടിപ്പെടുത്തുന്ന, ശിക്ഷിക്കുന്ന, ശപിക്കുന്ന ഒരു ദൈവസങ്കല്പത്തെ മുന്നിൽ നിർത്തിയാണ് സ്ത്രീകൾക്കുമേൽ അടിമത്തം അടിച്ചേല്പിക്കുന്നത്. മതരാഷ്ട്രങ്ങളിലെ വിശ്വാസികളായ സ്ത്രീ ഭൂരിപക്ഷം ദൈവവിശ്വാസവും മതവിശ്വാസവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നില്ല. മതവും അതിന്റെ മാമൂലുകളും തങ്ങൾക്ക് സുരക്ഷയൊരുക്കുകയാണെന്ന തെറ്റിദ്ധാരണയിൽ അവർ കാലം കഴിക്കുന്നു. മാനസികമായി വിധേയത്വം ചുമക്കുന്ന സ്ത്രീകളുടെ മസ്തിഷ്കത്തിൽ നിന്ന് സ്വതന്ത്രചിന്തയുടെയോ സത്യദർശനത്തിന്റെയോ ഒരു കിരണം ആവിർഭവിച്ചാൽമതി പുരുഷ മേധാവിത്ത പൗരോഹിത്യ ഭരണകൂടം അതിനെ അപ്പോഴേ ഉന്മൂലനം ചെയ്യും. ഈ പ്രവണതയാണ് ഇറാൻ, അഫ്ഗാൻ പോലുള്ള മതരാഷ്ട്രങ്ങളിൽ കണ്ടുവരുന്നത്. ചിന്തിക്കുന്ന, സർഗാത്മകതയുള്ള സ്ത്രീകളെ ഇല്ലാതാക്കാനും തേജോവധം ചെയ്യാനും മടിക്കാത്ത ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിയോജിപ്പുകൾ പ്രകടിപ്പിച്ച വനിതകളുടെ ദാരുണാന്ത്യത്തിന്റെ വാർത്തകളിൽ ലോകം ‍ഞെട്ടിത്തരിച്ചിരിക്കുന്നതിനിടയിലാണ് 2023ലെ നൊബേൽ സമ്മാനം ഇറാനിലെ നർഗേസ് മൊഹമ്മദി എന്ന ആക്ടിവിസ്റ്റിനെ തേടിയെത്തുന്നത്.

ലോകത്ത് സ്ത്രീവിമോചനത്തിനായി പ്രയത്നിക്കുന്നവർക്കെല്ലാം പ്രചോദനമായിരിക്കുകയാണ് ഈ പുരസ്കാര സമർപ്പണം. ഇറാനിലെ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും പുരുഷാധിപത്യത്തിനും സ്ത്രീ വിരുദ്ധതയ്ക്കും വൈരനിര്യാതന ബുദ്ധിയോടെ നടപ്പാക്കുന്ന വധശിക്ഷകൾക്കുമെതിരെ നിരന്തരം പോരാടുന്ന, ശബ്ദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായ നർഗേസ് മൊഹമ്മദിക്ക് നൊബേൽ നൽകപ്പെട്ടത് തികച്ചും ഉചിതമാണ്. ലോകം ആദരിക്കുമ്പോഴും ഈ 51കാരി ഇപ്പോഴും തടവറയിലാണ്. 31വർഷത്തെ തടവിനാണ് അവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ 154 ചാട്ടവാറടിയും യാത്രാവിലക്കും വിധിക്കപ്പെട്ടിരിക്കുന്നു. നർഗേസിന് ഭർത്താവും രണ്ട് മക്കളുമുണ്ട്. മനുഷ്യാവകാശ പ്രവർത്തകനും മതഭരണവ്യവസ്ഥയുടെ വിമർശകനും ജനാധിപത്യവാദിയുമായ റ്റാഗി റഹ്മാനാണ് ജീവിതപങ്കാളി. കിയാന എന്ന മകളെയും അലി എന്ന മകനെയും തടവറയിൽ കഴിയുന്ന നർഗേസ് കണ്ടിട്ട് എട്ട് വർഷത്തിലേറെയായി. സാമൂഹികനീതിക്കും സ്ത്രീ തടവുകാരുടെ അവകാശങ്ങൾക്കും വധശിക്ഷയ്ക്കുമെതിരെ ശബ്ദിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാഷ്ട്രങ്ങളിൽ മുൻനിരയിലാണ് ഇറാൻ. വൈറ്റ് ടോർച്ചർ: ഇന്റർവ്യൂസ് വിത്ത് ഇറാനിയൻ വിമൻ പ്രിസണേഴ്സ് (2022) എന്ന പുസ്തകത്തിൽ നർഗേസ് ഇറാനിലെ സ്ത്രീകൾ തടവറയിൽ അനുഭവിക്കുന്ന ലൈംഗികാതിക്രമം, ബലാത്സംഗം, മർദനം എന്നീ ദുരവസ്ഥകളെ വരച്ചുകാട്ടുന്നുണ്ട്. 1979ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് അവിടെ സ്ത്രീകളുടെയും മാനവ സ്വാതന്ത്ര്യവാദികളുടെയും ദുരിതപർവം ആരംഭിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ നിരസിച്ച ഭരണകൂടത്തിനെതിരെ ഇടതനുഭാവികളും ലിബറലുകളും പ്രതികരിച്ചെങ്കിലും അവരെയൊക്കെ ഉരുക്കുമുഷ്ടിയാൽ നിശബ്ദരാക്കുകയായിരുന്നു. 2021ൽ ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്റായതോടെയാണ് സ്ത്രീവിരുദ്ധ നിയമങ്ങൾ കൂടുതൽ കർക്കശമായത്. 2022ൽ ഹിജാബ്, പാതിവ്രത്യ നിയമങ്ങളും അയാൾ കൊണ്ടുവന്നു. എന്നാൽ ബഹുഭാര്യാത്വത്തിനോ തോന്നുമ്പോൾ ഭാര്യമാരെ മൊഴിചൊല്ലുന്നതിനോ ഒരു നിയന്ത്രണവും കൊണ്ടുവന്നതുമില്ല. 13 വയസ് മുതലുള്ള പെൺകുഞ്ഞുങ്ങളെ യഥേഷ്ടം ഭാര്യമാരാക്കാൻ ഒരു നിയമതടസവുമില്ല. ഹിജാബ് നിയമം ലംഘിച്ചാൽ 10 വർഷമാണ് തടവ്. ഈ അധർമ്മങ്ങൾക്കെതിരെ സാൻ‑സിന്ദഗി-ആസാദി (സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ഇറാനിൽ നിന്നുയർന്നു, ലോകം അതേറ്റുപിടിച്ചു.


ഇതുകൂടി വായിക്കൂ: എന്നിട്ടും തുടരുന്ന യുദ്ധക്കൊതി


ശിരോവസ്ത്രം ധരിക്കാത്തതിന് മതകാര്യ പൊലീസ് മർദിച്ച് അവശയാക്കിയ ഇരുപത്തിരണ്ടുകാരി കുർദ് വനിത മഹ്സ അമീനി 2022 സെപ്റ്റംബറിൽ കസ്റ്റഡിയിൽ മരിച്ചതോടെ ഉയർന്ന സമരജ്വാലയിൽ ഇറാനിലെ നാരിശക്തി ഉയിർത്തെഴുന്നേൽക്കുകയും ഭരണകൂടത്തെ പിടിച്ചുലയ്ക്കുകയുമായിരുന്നു. മനുഷ്യാവകാശ പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മർദനമേറ്റ മറ്റൊരു പെൺകുട്ടി അർമിത ഗെരാവന്ദും ഇക്കഴിഞ്ഞ 28 ന് മരിച്ചതോടെ സ്ത്രീപക്ഷ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാകുകയാണ് ഇറാനിൽ. മതരാഷ്ട്രങ്ങൾ സ്ത്രീകളെ പൊതുവെ ലൈംഗികതയ്ക്കും പ്രത്യുല്പാദനത്തിനുമുള്ള ശരീരമായി മാത്രമാണ് പരിഗണിക്കുന്നത്. സ്ത്രീകൾ ഇവിടങ്ങളിൽ വെറും രണ്ടാംകിട പൗരർ മാത്രം. മഹ്സയുടെയും അർമിതയുടെയും രക്തസാക്ഷിത്വം വെറുതെയാകുമെന്ന് കരുതാനാവില്ല. കാരണം ഇറാനിൽ ഒരു ലക്ഷത്തോളം ആരാധനാലയങ്ങൾ ആരും പ്രാർത്ഥനയ്ക്കെത്താത്തതിനാൽ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. മതഗ്രന്ഥങ്ങളെ യുവത വലിച്ചെറിയുന്നു. പകരം അവർ അറിവിലേക്കും ജ്ഞാനത്തിലേക്കും ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും ഉറ്റുനോക്കുന്നു. നർഗേസ് മൊഹമ്മദിമാരുടെ ത്യാഗം അവർക്ക് ഊർജവും വെളിച്ചവുമാകുന്നു. ഇന്റർനെറ്റ് അധിഷ്ഠിത സമൂഹമാധ്യമങ്ങൾ പെൺപോരാട്ടങ്ങളെ ലോകസമക്ഷം അറിയിച്ചുകൊണ്ടിരിക്കുന്നു. ചെകുത്താൻ ഉപാസകരായ മതപൗരോഹിത്യ ഭരണകൂടം ഇന്റർനെറ്റിനെയും പുരോഗമനത്തെയും പരിഷ്കൃതിയെയും എത്രനാൾ നിയന്ത്രിക്കും? ഉപരോധിക്കും? ഫോസിൽ ഇന്ധന ഉറവകളും പ്രകൃതിവാതക സ്രോതസുകളും വറ്റുന്നതോടെ തീരും മധ്യപൗരസ്ത്യ മതരാഷ്ട്രങ്ങളുടെ ചാട്ടം. മാനവികാഭിമുഖ്യം പുലർത്താത്ത മതങ്ങളുടെയും മതരാഷ്ട്രങ്ങളുടെയും മരണമണികൾ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യവും സമത്വവും സമാധാനവുമില്ലാത്ത ലോകം ജീവിക്കാനോ കാണാനോ പോലും കൊള്ളില്ല. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ, സ്ത്രീകളുടെ, കുട്ടികളുടെ ശബ്ദമാകാനാണ് എന്റെ തീരുമാനം. — നർഗേസ് മൊഹമ്മദി

Exit mobile version