നൊബേൽ സമ്മാനം ഡോണൾഡ് ട്രംപിന് സമർപ്പിക്കുന്നുവെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊരീന മഷാദോ. വെനസ്വേലയുടെ ആവശ്യങ്ങൾക്കായി ശക്തമായി നിലകൊണ്ട വ്യക്തിയാണ് ട്രംപെന്ന് അവർ എക്സിൽ കുറിച്ചു. “ഈ അംഗീകാരം എല്ലാ വെനസ്വേലക്കാർക്കും ലഭിച്ച ഒന്നാണ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനത, ജനാധിപത്യ രാജ്യങ്ങൾ എന്നിവർക്കെല്ലാം ഞാൻ നന്ദി അറിയിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു,” മഷാദോ വ്യക്തമാക്കി.
രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രയത്നങ്ങൾ മുൻനിർത്തിയാണ് മരിയ കൊരീന മഷാദോയ്ക്ക് പുരസ്കാരം നല്‍കിയതെന്ന് നൊബേൽ സമിതി അറിയിച്ചു. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയിൽ ശിഥിലമായിപ്പോയ പ്രതിപക്ഷ കക്ഷികളെ ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് ജനാധിപത്യപോരാട്ടങ്ങൾക്ക് ശക്തിപകരാൻ 58കാരിയായ മരിയ മഷാദോക്ക് കഴിഞ്ഞൂവെന്നും കമ്മിറ്റി വിലയിരുത്തി.

