Site iconSite icon Janayugom Online

നൊബേല്‍ സമാധാന സമ്മാനം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷകര്‍ക്ക്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ രാജ്യത്ത് ദേശീയതലത്തില്‍ മാത്രമല്ല, നിരവധി സംസ്ഥാനങ്ങളിലും ഭരണാധികാരിവര്‍ഗം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നൊരു കാലഘട്ടത്തിലൂടെയാണല്ലോ നാമെല്ലാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം 2021 ലേക്കുള്ള സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അഭിപ്രായ സ്വാതന്ത്ര്യസംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് പ്രമുഖ വ്യക്തികള്‍ക്ക് നല്കാന്‍ നൊബേല്‍ കമ്മിറ്റി തീരുമാനിച്ച സ്വാഗതാര്‍ഹമായ നടപടിയെ നിരീക്ഷിക്കാന്‍ ഈ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാനം പങ്കിട്ടിരിക്കുന്ന ഫിലിപ്പൈന്‍സിലെ മരിയ റെസയും റഷ്യയിലെ ഡിമിട്രി എ മുറാട്ടോവുമാണ്. ഇവര്‍ ഇരുവരെയും സമ്മാനാര്‍ഹരായി കണ്ടെത്തിയതിനുള്ള കാരണവും നൊബേല്‍ നിര്‍ണയ സമിതി അര്‍ത്ഥശങ്കയ്ക്കിടനല്‍കാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്. നാം ഇപ്പോള്‍ ജീവിക്കുന്ന കാലഘട്ടം, നിരവധി രാജ്യങ്ങളില്‍ ഒന്നിനുപുറകെ മറ്റൊന്നായി ഏകാധിപത്യ ഭരണക്രമങ്ങള്‍ ഉയര്‍ന്നുവരുന്ന ഒന്നായി വിലയിരുത്തപ്പെടേണ്ടതായി വരുന്നു. ഇത്തരമൊരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറിയ റസയും മുറാട്ടോവും ഇരുവരുടെയും രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനായി ധീരമായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രക്രിയയ്ക്ക് അംഗീകാരം നല്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചതും ‘ഇവരാണ് ആഗോളതലത്തില്‍ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും വര്‍ധിച്ച തോതില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു ആകെത്തന്നെ ശക്തിപകരുന്നതും അവരുടെ ആശയങ്ങളുടെ പ്രതിനിധികളായി വര്‍ത്തിക്കുന്നതും’. ഇവരില്‍ ഫിലിപ്പൈന്‍ വംശജയായ ധീരവനിത മറിയ റെസ തന്റെ ഡിജിറ്റല്‍ വാര്‍ത്താസംവിധാനമായ റാപ്പ്ളറിലൂടെയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റൊപ്രിഗോ ഡ്യൂട്ടര്‍ടെയും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഔഷധവിരുദ്ധ പ്രചരണത്തിനെതിരായി ധീരമായ ചെറുത്തുനില്പ് സംഘടിപ്പിച്ചത്. മറ്റൊരു സമ്മാന ജേതാവായ റഷ്യന്‍ വംശജന്‍ ഡിമെട്രി മുറാറ്റോവാണെങ്കില്‍ ‘നവായ ഗസെറ്റാ’ എന്നൊരു മാധ്യമത്തിലൂടെ സോവിയറ്റ് അനന്തര റഷ്യയില്‍ ഇന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുകൂലമായ പ്രചാരത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ടു മാധ്യമ പ്രവര്‍ത്തകരാണ് ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ‘മാതൃക’ ലോകവ്യവസ്ഥയുടെ സ്വത്വം ഏതുവിധേനയും നിലനിര്‍ത്തുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് നമുക്കു മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്നത്.
സ്വന്തം ജന്മനാടുകളില്‍ രാഷ്ട്രീയ ഭരണാധികാരം കൈവശമാക്കിയവര്‍ കരുതിക്കൂട്ടിത്തന്നെ എന്ന് വിശേഷിപ്പിക്കപ്പെടാത്തവിധത്തില്‍ ഈ വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഗുരുതരമായ പ്രതിസന്ധികളും പ്രതിബന്ധങ്ങളും സൃഷ്ടിക്കാനും സദാസന്നദ്ധരുമാണ്. ഇതെല്ലാംതന്നെ അവര്‍ ഇരുവരും തുടര്‍ച്ചയായി അഭിമുഖീകരിച്ചുവരുന്നുമുണ്ട്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തെല്ലും അടിതെറ്റാതെ നിലകൊള്ളാന്‍ അവര്‍ക്ക് സാധ്യമായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ നാളിതുവരെ നിലകൊള്ളുന്നതിലും ധാര്‍മ്മികവും പ്രായാഗികവുമായ വിജയം അവര്‍ കണ്ടെത്തി. ഫിലിപ്പൈന്‍സുകാരിയായ റെസു എന്ന 58 കാരി തന്റെ ദീര്‍ഘമായ മാധ്യമ പ്രവര്‍ത്തനത്തിനിടെ മനിലയിലേക്കും ജകാര്‍ത്തയിലേക്കും സിഎന്‍എന്‍ വാര്‍ത്താ ചാനലിന്റെ ചീഫായി സേവനം നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് അവര്‍ ഏഷ്യയിലെ അന്വേഷണാത്മക റിപ്പോര്‍ട്ടറെന്ന ഭാരിച്ച ചുമതലയും നിര്‍വഹിച്ചിരുന്നത്. ഈ മേഖലയിലുള്ള തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് നപ്പ്ളര്‍ എന്ന സ്വന്തം ഡിജിറ്റല്‍ മീഡിയ കമ്പനിക്കും അവര്‍ രൂപം നല്കിയത്.

 


ഇതുകൂടി വായിക്കൂ; ഭക്ഷ്യസുരക്ഷിതത്വത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോൾ


 

മരിയ റെസയുടെ സജീവ പങ്കാളിത്തത്തോടെ 2012ല്‍ നിലവില്‍ വന്ന റാപ്പ്ളര്‍ എന്ന അന്വേഷണാത്മക മാധ്യമ ഏജന്‍സി, ഡ്രഗ് പ്രചരണത്തിനെതിരായി മാത്രമായിരുന്നില്ല രംഗത്തുവന്നിരുന്നത്. സര്‍ക്കാര്‍തലത്തില്‍ നടന്നുവരുന്ന വമ്പന്‍ അഴിമതികളും രാഷ്ട്രീയ നേതാക്കള്‍ക്ക് കൈവശമുള്ള അനധികൃത ധനകാര്യ ആസ്തികളും തുടര്‍ന്ന് സ്വാഭാവികമായി ഉണ്ടാകുന്ന താല്പര്യസംഘട്ടനങ്ങളും സംബന്ധിച്ചും അന്വേഷണങ്ങള്‍ നടത്തിവരുന്നതിലും മുന്നണിയില്‍ നിലകൊണ്ടത് ഈ വനിതയായിരുന്നു. റാപ്പ്ളര്‍ എന്ന ഏജന്‍സി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പേയിന്‍ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റര്‍നാഷണല്‍ ഫാക്ട് ചെക്കിങ് നെറ്റ്‌വര്‍ക്കി (ഐഎഫ്‌സിഎന്‍)ന്റെ അംഗത്വം എടുക്കുകയും ചെയ്തു. ഇതോടെ റാപ്പ്ളറിന്റെ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന അവസ്ഥയും ഉണ്ടായി. മാത്രമല്ല, ഫിലിപ്പൈന്‍ പ്രസിഡന്റ് ഡ്യൂട്ടര്‍ റ്റൈ 2017ല്‍ നടത്തിയ ഒരു പൊതുപ്രസംഗ വേദിയില്‍ ഈ മാധ്യമ ഏജന്‍സി വിദേശ ഉടമസ്ഥതയിലുള്ളതെന്നാണെന്നുപോലും വിശേഷിപ്പിക്കുകയുണ്ടായത്രെ. ട്രംപിന്റെ യു എസിലും മോഡിയുടെ ഇന്ത്യയിലും മനുഷ്യാവകാശ നിഷേധങ്ങള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും വിലക്കുകള്‍ കല്പിക്കപ്പെട്ട അനുഭവങ്ങള്‍ നമുക്ക് പുത്തനറിവല്ലല്ലോ. മോഡി സര്‍ക്കാരിന്റെ ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധ നടപടികള്‍ക്കെതിരായി ശക്തമായ നിലപാടുകളെടുക്കുന്ന സിദ്ധിഖ് കാപ്പനെപ്പോലുള്ളവര്‍ക്കെതിരായി മാത്രമല്ല, സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഹരിജന്‍ ആദിവാസി വിഭാഗങ്ങള്‍ക്കെതിരായി ശത്രുതാപരമായ സമീപനം സ്വീകരിച്ചുവരുന്ന ഭരണവര്‍ഗത്തെ ചെറുത്തു തോല്പിക്കാന്‍ നേതൃത്വം നല്കുന്ന പുരോഹിതനായ സ്റ്റാന്‍സ്വാമിയെ കൊല്ലാക്കൊല നടത്തിയവരും സമാധാനപരമായി ഒരുവര്‍ഷത്തോളം കാലം സമരരംഗത്ത് നില്ക്കുന്ന കര്‍ഷകര്‍ക്കുനേരെ മോട്ടോര്‍ വാഹനങ്ങള്‍ ഓടിച്ചുകയറ്റി കൊലചെയ്തവര്‍ക്കെതിരായി നിയമവ്യവസ്ഥയുടെ ദുരുപയോഗവും മെല്ലപ്പോക്കും തുറന്നുകാട്ടുന്നത് തടയാന്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നയങ്ങള്‍ സ്വീകരിക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലിങ്ങിടുന്നവയല്ലെങ്കില്‍ മറ്റെന്താണ്?
മരിയ റെസക്കെതിരായ വൈരനിര്യാധന ബുദ്ധിയോടെയുള്ള നീക്കങ്ങള്‍ ഇവിടംകൊണ്ട് തീരുന്നില്ല. രാജ്യത്ത് നിലവിലുള്ള റോഷണല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (ഇന്ത്യയിലെ സിബിഐ പോലൊരു സംവിധാനം) എന്ന ഏജന്‍സി ഈ വനിതയ്ക്കെതിരായി ഒരു “സൈബര്‍ മാനനഷ്ട” കേസ് ചുമത്തുകയും ആറു വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിക്കുകയും ചെയ്തുവെങ്കിലും ഇതിനെതിരായി ഫയല്‍ ചെയ്ത അപ്പീലിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണ് ചെയ്തത്.
ഇത്തരമൊരു പശ്ചാത്തലം കണക്കിലെടുത്താണ് നൊബൈല്‍ സമ്മാന വാര്‍ത്ത പുറത്തുവന്ന നിമിഷത്തില്‍ തന്നെ മരിയ റെസയുടെ താഴെ കാണുന്നവിധത്തിലുള്ള പ്രതികരണമുണ്ടായത്. ‘ഇത് ഞങ്ങളെപ്പറ്റി(റാപ്പ്ളര്‍)യുള്ളതല്ല. നിങ്ങളെപ്പറ്റിയുള്ളതാണ്. ഓരോ ഫിലിപ്പൈന്‍ പൗരനും അവകാശപ്പെട്ട മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറയാണിതിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശവുമായി ബന്ധപ്പെട്ടതുമാണിത്. ചുരുക്കം ചില വാക്കുകളിലൂടെയാണ് നൊബേല്‍ ജേതാവ് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതെങ്കിലും അതിലോരൊന്നും ആത്മാര്‍ത്ഥത വെളിവാക്കുന്നു.
മരിയ റെസയോടൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിടുന്ന 59 വയസുകാരനായ റഷ്യന്‍ പൗരന്‍ ഡിമിട്രൈ മുറാറ്റോവ് നൊവായ ഗസറ്റ് എന്ന വാര്‍ത്താ പത്രത്തിന്റെ പത്രാധിപരാണ്. അങ്ങേയറ്റത്തെ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് മുറാറ്റോവ് പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി റഷ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്നത് എന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെടുന്നു. സ്വന്തം പത്രാധിപത്യത്തിലുള്ള പ്രസിദ്ധീകരണം തുടങ്ങുന്നതിന് മുമ്പ് ഈ മാധ്യമ പോരാളി ‘പ്രവ്ദ’ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. ഒടുവില്‍ തീര്‍ത്തും സത്യസന്ധവും സ്വതന്ത്രവുമായ അഭിപ്രായ പ്രകടനത്തിനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ‘നൊവായ ഗസറ്റ്’ എന്ന പ്രസിദ്ധീകരണവുമായി ഇറങ്ങിത്തിരിക്കുന്നത്. 1983 ല്‍ മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബാചേവ് തനിക്കു ലഭിച്ച നൊബേല്‍ സമ്മാന തുകയുടെ ഒരു ഭാഗം പുതുതായി തുടങ്ങിയ വാര്‍ത്താ പത്രത്തിന് നല്കുകയുണ്ടായതായി സമ്മാന നിര്‍ണയസമിതി പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഗൊര്‍ബാച്ചേവ് മുന്നോട്ടുവച്ച ‘ഗ്ലാസ്നൊസ്റ്റ്’ എന്ന ആശയം അര്‍ത്ഥമാക്കുന്നതു തുറന്ന സമീപനവും സുതാര്യതയും ഓരോ സോവിയറ്റ് പൗരനും വിലപ്പെട്ടതാണെന്ന് ലോക ജനത അംഗീകരിച്ചതിനുശേഷമുള്ള 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഇതേ ആശയത്തിന് നൊബേല്‍ സമ്മാനം ലഭിക്കുന്ന എന്നത് ചരിത്രത്തിന്റെ ഒരു സവിശേഷ നിയോഗം തന്നെയാണെന്നതില്‍ സംശയമില്ല. ഈ ആശയത്തോടൊപ്പം അതിന്റെ ഉപജ്ഞാതാവും പ്രചരണ മാധ്യമവും ഒരുപോലെ ആദരിക്കപ്പെടുകയാണ്.
മുറാട്ടോവിന്റെ മുഖ്യപത്രാധിപത്യത്തിലുള്ള ‘നൊവായ ഗസെറ്റ’യെ നൊബേല്‍ സമിതി വിശേഷിപ്പിക്കുന്നത്, ആധുനിക റഷ്യയില്‍ പ്രചാരത്തിലുള്ളതില്‍വച്ച് ഏറ്റവുമധികം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നൊരു പ്രസിദ്ധീകരണം മാത്രമല്ല, ‘അധികാര’ത്തിനെതിരെ അങ്ങേയറ്റം വിമര്‍ശനപരമായൊരു നിലപാട് സ്വീകരിക്കുന്ന ഒരു മാധ്യമം കൂടിയാണ്’ എന്നാണ്. 2009 മുതല്‍ രണ്ടു വര്‍ഷത്തെ സേവന കാലാവധിയോടെ ഇതിന്റെ പത്രാധിപരെ തീര്‍ത്തും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നത്. ‘നൊവായ ഗസറ്റ’ നാളിതുവരെയായി പ്രസിദ്ധീകരിച്ചിട്ടുള്ളത് വൈവിധ്യമാര്‍ന്ന നിരവധി മേഖലകളെ പരാമര്‍ശിക്കുന്ന ലേഖനങ്ങളാണെന്ന് നൊബേല്‍ സമിതി പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി, പൊലീസ് അതിക്രമങ്ങള്‍, നിയമവിരുദ്ധമായ അറസ്റ്റുകള്‍, തെരഞ്ഞെടുപ്പ് വെട്ടിപ്പുകള്‍, ‘ട്രോള്‍‍ ഫാക്ടറികള്‍’ പടച്ചുണ്ടാക്കുന്ന കള്ളക്കഥകള്‍ തുടങ്ങിയവ മാത്രമല്ലാ റഷ്യന്‍ സൈനികര്‍ രാജ്യത്തിനകത്തും പുറത്തും നടത്തിവരുന്ന അതിരുകടന്ന ഇടപെടലുകള്‍ വരെ ലേഖനങ്ങള്‍ക്കുള്ള വിഷയങ്ങളാവാറുണ്ട്. റഷ്യന്‍ പട്ടാളത്തിന്റെ വഴിവിട്ട നടപടികള്‍ സംബന്ധിച്ചുള്ള അന്വേഷണാത്മ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധേയമായത് ചെച്ച് നിയന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങളും സോവിയറ്റ് അനന്തര കാലഘട്ടത്തില്‍ രാജ്യത്ത് ആധിപത്യത്തിലെത്തിയ ഏകാധിപതികളെ സംബന്ധിക്കുന്ന വിവരങ്ങളുമാണ്.

മുറാട്ടോവിന്റെ പത്രം 2017ല്‍ ചെച്ച്നിയയില്‍ നടന്ന സ്വവര്‍ഗ സംഭോഗത്തിലേര്‍പ്പെട്ടിരുന്നവര്‍ക്കെതിരായി പട്ടാളത്തിന്റെ അതിക്രമങ്ങള്‍ സംബന്ധമായ റിപ്പോര്‍ട്ടുകളും റഷ്യന്‍ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ വഴിവിട്ട ജീവിതശൈലികള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും അവര്‍ക്കെതിരായി ഉണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹത നേടിയെന്ന വാര്‍ത്ത കേട്ട ഉടന്‍തന്നെ മുറാറ്റോവീന്റേത് ശ്രദ്ധേയമായൊരു പ്രതികരണമായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് ഈ ആദരവിന് അര്‍ഹനാവുക റഷ്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയ വിമാന പോരാളിയും പ്രതിപക്ഷ നേതാവുമായ അലെക്സി എ നവല്‍നി ആകാമായിരുന്നു എന്നാണ്. അദ്ദേഹം ഒരു വര്‍ഷം മുമ്പ് വിഷം ഉപയോഗിച്ചുള്ള ഒരു ആക്രമണത്തിന് വിധേയമാക്കപ്പെട്ടതിനു ശേഷം ഇപ്പോള്‍ റഷ്യന്‍ ജയിലിലാണുള്ളത്. ഈ വര്‍ഷത്തെ നൊബേല്‍ സമാധാന സമ്മാന പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ഈ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഹ്രസ്വ സമയത്തിനുള്ളില്‍തന്നെ റഷ്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങള്‍ക്കെതിരായി അഴിച്ചുവിടപ്പെട്ട അധിക്ഷേപങ്ങളും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അടക്കമുള്ളവരെ വിദേശ ചാരന്മാരെന്ന് മുദ്രകുത്തുന്ന നടപടികളുമായിരുന്നു എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. നിരവധി പത്രപ്രവര്‍ത്തകര്‍ ജീവഭയത്തെ തുടര്‍ന്ന് റഷ്യ വിടുകയുമുണ്ടായത്രെ?
ഈ ഘട്ടത്തില്‍ നാം പരിശോധിക്കേണ്ട മറ്റൊരു വസ്തുത വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡെക്സില്‍ 180 രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുടെ സ്ഥാനം 150 ആണെന്നതാണ്. ഇന്ത്യയുടെ സ്ഥാനം 142ല്‍ നിന്നും 138ലേക്ക് താഴുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ നൊബേല്‍ സമിതിയുടെ വാക്കുകള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും വിവരാവകാശ ലഭ്യതയും ജനങ്ങളെ ബോധവല്ക്കരിക്കുന്നതിന് അനിവാര്യ ഘടകങ്ങളാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ഇവര്‍ക്ക് മര്‍മ്മസ്ഥാനവുമുണ്ട്. യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും എതിരായി ജനാധിപത്യ വ്യവസ്ഥയെ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. മൗലികാവകാശ സംരക്ഷണവും ഇതിന്റെ അവിഭാജ്യ ഘടകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.

Exit mobile version