രാത്രികാലങ്ങളിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ കൊമ്മാടി ജംങ്ഷനിൽ ഫീഡർ സ്റ്റേഷൻ ആരംഭിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫീഡർ സ്റ്റേഷൻ അനുവദിച്ചത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീഡർ സ്റ്റേഷനിൽ യാത്രക്കാർക്ക് വിശ്രമിക്കുവാനും ബസ് കാത്ത് നിൽക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് ഫീഡർ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുവാനായി ഫീഡർ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഈ സർവീസുകളിൽ റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിന് പുറമെ എല്ലാ കെഎസ്ആർടിസി സർവീസുകൾക്കും ഫീഡർ സ്റ്റേഷന് മുന്നിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കൊമ്മാടി ബൈപാസ് ജംഗ്ഷനിൽ സ്ഥാപിച്ച ഫീഡർ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തുമായി രണ്ട് കെഎസ്ആർടിസി ബസ്സുകളിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഫീഡർ സ്റ്റേഷന്റെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി കൂടുതൽ ആളുകളെ കെഎസ്ആർടിസി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുവാനുംനും അതുവഴി വരുമാന വർദ്ധനവ് ഉണ്ടാക്കുവാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുവാനും അതുവഴി ഇന്ധന ഉപഭോഗം കുറയ്ക്കുവാനും ഇത് സഹായിക്കും. ഫീഡർ സ്റ്റേഷനുകൾക്ക് സമീപം പോലീസിന്റെ പെട്രോളിംഗും മറ്റും ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതുവഴി യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. കെഎസ്ആർടിസി യാത്രക്കാർക്ക് ശുചിമുറി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കൊമ്മാടി ജംങ്ഷനിൽ ബയോ ടോയിലറ്റുകൾ സ്ഥാപിക്കും. നിലവിൽ സോഡിയം വേപ്പർ ലൈറ്റുകൾ ഉണ്ടെന്നും ആവശ്യമെങ്കിൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. കെഎസ്ആർടിസി ബൈപ്പാസ് സർവീസുകളിലെ യാത്രക്കാർക്ക് നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്ന് രക്ഷനേടാനും സമയം ലാഭിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുവാനും ഇതുവഴി സാധിക്കുമെന്നും ഫീഡർ സ്റ്റേഷനുകളിൽ ജില്ലാ ട്രാസ്പോർട്ട് ഓഫീസർ അശോക് കുമാർ പറഞ്ഞു. ഭാവിയിൽ ഫീഡർ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് റിസർവേഷൻ സൗകര്യം അടക്കമുള്ള സേവനങ്ങൾ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ ട്രാസ്പോർട്ട് ഓഫീസർ അശോക് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളായ മോനിഷാ ശ്യാം, ഹെലൻ ഫെർണാണ്ടസ്, കെഎസ്ആർടിസി ഇൻസ്പെക്ടർമാരായ പി രഞ്ജിത്ത്, തൃദീപ് കുമാർ, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനിയർ റെജിമോൻ, കണ്ടക്ടർ പി ഹരികുമാർ, ഡ്രൈവർ ജയദൻ തുടങ്ങിയവർ പങ്കെടുത്തു.