Site iconSite icon Janayugom Online

നോമിനി രാഷ്ട്രീയം; സതീശനെതിരെ പോര് കടുപ്പിച്ച് മുരളീധരന്‍

MraleeMralee

കെപിസിസി പ്രസിഡന്റിനെ ഉള്‍പ്പെടെ അവഗണിച്ച് പാര്‍ട്ടിയില്‍ സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന പ്രതിപക്ഷനേതാവിനെതിരെ പോര് കടുപ്പിച്ച് കെ മുരളീധരന്‍. തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ തന്നെ കിട്ടില്ലെന്നും നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പാലക്കാട് ഡിസിസിയുടെ ആവശ്യം തൃണവല്‍ഗണിച്ചാണ് വി ഡി സതീശന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി രംഗത്തിറങ്ങിയതെന്ന് വ്യക്തമായതോടെയാണ് കെ മുരളീധരന്‍ പരസ്യമായി പോരിനിറങ്ങിയത്. 

ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കും. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അവരെല്ലാം തന്നെക്കാള്‍ പ്രഗത്ഭരും വലിയ നേതാക്കളുമാണെന്ന് മുരളീധരന്‍ പരിഹസിച്ചു. കെപിസിസി നേതൃത്വത്തില്‍ നിന്ന് ആരും പാലക്കാട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും തന്നെ മത്സരിപ്പിക്കും. 

ബിജെപിക്കെതിരായ പോരാ‍ട്ടത്തിന്റെ പേരില്‍ നേമത്തും തൃശൂരിലും പാര്‍ട്ടി പറഞ്ഞതനുസരിച്ച് മത്സരിച്ചു. ഇനി എവിടെയെങ്കിലും പോയി മത്സരിക്കാന്‍ താനില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സമ്മതിച്ചാല്‍ നോക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് സ്വയംപ്രഖ്യാപിക്കുന്ന വി ഡി സതീശനെതിരെ കടുത്ത പരിഹാസത്തിനും മുരളീധരന്‍ മടിച്ചില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍തന്നെ മുഖ്യമന്ത്രിയായി വരുമെന്നായിരുന്നു സതീശനെതിരെയുള്ള ഒളിയമ്പ്. തന്റെ സ്വരത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല. അതിനാല്‍ പാട്ട് നിര്‍ത്താന്‍ ഒരുക്കമല്ലെന്നും മുരളീധരന്‍ പറഞ്ഞു. 

അതിനിടെ കെ മുരളീധരനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്ന ഡിസിസി നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ സുധാകരനെതിരെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും രംഗത്തെത്തി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ നോമിനിയാണെന്ന് സുധാകരന്‍ പറയേണ്ടിയിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. എഐസിസിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കത്തയയ്ക്കുന്നത് സാധാരണമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ആരുടെ പേരാണ് നല്‍കിയത് എന്നാണ് എഐസിസി നോക്കുന്നത്. അതിനാല്‍ കത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഹസന്‍ പറഞ്ഞു. 

Exit mobile version