Site iconSite icon Janayugom Online

നോര്‍ക്ക കെയര്‍ പദ്ധതിക്ക് തുടക്കം; പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് 

logo-norka- janayugamlogo-norka- janayugam

logo-norka- janayugam

ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാനം നല്‍കുന്ന പ്രതിബദ്ധതയുടെ തെളിവാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നിറവേറപ്പെടുന്നത്.
കേരളപ്പിറവി ദിനം മുതല്‍ ഈ സേവനം ലഭ്യമാകും.  പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നോര്‍ക്കയുടെ ഐ‍ഡി കാര്‍ഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയ വിദ്യാര്‍ത്ഥികളും പദ്ധതിയുടെ പരിധിയില്‍ വരും.  പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസി എടുക്കുന്നതിനു മുമ്പുള്ള രോഗങ്ങള്‍ക്കും, കാത്തിരിപ്പുകാലം ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയ്ക്കും പരിരക്ഷ ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തില്‍ അഞ്ഞൂറിലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ പതിനാറായിരത്തിലധികം ആശുപത്രികളില്‍ ഇതുവഴി കാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ തന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. ഭാവിയില്‍ ജിസിസി രാജ്യങ്ങളില്‍ ഉള്ള ആശുപത്രികളില്‍ പദ്ധതി വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ‑കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശി സുമേഷിന്റെ ഭാര്യ പ്രവീണയ്ക്ക് നല്‍കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായ ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ വി മുസ്തഫ, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഗിരിജ സുബ്രഹ്മണ്യന്‍, ഓവര്‍സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്ജ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി ലില്ലീസ് എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക സിഇഒ അജിത് കൊളാശേരി നന്ദി പറഞ്ഞു.
Exit mobile version