നോര്‍ഡ് സ്ട്രീം പെെപ്പ്‍ലെെന്‍ വഴി യൂറോപ്പിലേക്കുള്ള ഇന്ധനവിതരണം നിര്‍ത്തിവച്ചതായി റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഊര്‍ജ സ്ഥാപനമായ ഗ്യാസ്‍പ്രോം അറിയിച്ചു. പെപ്പ്‍ലെെനിലെ അറ്റകുറ്റപണികള്‍ കാരണം ജര്‍മ്മനിയിലേക്കുള്ള ഇന്ധന വിതരണം മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഗ്യാസ്‍പ്രോം പറഞ്ഞു. ഉപരോധങ്ങളാണ് വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് പ്രതികരിച്ചു. പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നോര്‍ഡ് സ്ട്രീമിലെ പെെപ്പ്‍ലെെനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന റഷ്യയുടെ അവകാശ വാദങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ജര്‍മ്മനിയുടെ നിലപാട്. ഊര്‍ജ ക്ഷാമം നേരിടാന്‍ സജ്ജരാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ഇന്ധന വിതരണത്തെ റഷ്യ ആയുധമായി ഉപയോഗിക്കുകയാണെന്നും ഷോള്‍സ് ആരോപിച്ചു. രാജ്യത്ത് ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം ജര്‍മ്മനി ഉടന്‍ പ്രഖ്യാപിച്ചേക്കും. റഷ്യന്‍ ഇന്ധന വിപണിയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും 2024 പകുതിയോടെ മറ്റ് ഇന്ധന ഇറക്കുമതി ബദലുകള്‍ കണ്ടെത്തുന്നതിനുമുള്ള പദ്ധതികളും ജര്‍മ്മനി ആരംഭിച്ചു.
സെെനിക നടപടിയെത്തുടര്‍ന്നുള്ള ഉപരോധങ്ങള്‍ക്ക് ശേഷം ബള്‍ഗേറിയ, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്ധന വിതരണം റഷ്യ പൂര്‍ണമായും നിര്‍ത്തലാക്കുകയും മറ്റ് പെെപ്പ്‍ലെെനുകള്‍ വഴിയുള്ള വിതരണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യൂറോപ്പില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്നു. ജൂലെെയില്‍ പെെപ്പ്‍ലെെനിലെ അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി ഗാസ്‍പ്രോം പത്ത് ദിവസത്തേക്ക് ഇന്ധന വിതരണം നിര്‍ത്തിവച്ചിരുന്നു. നോര്‍ഡ് സ്ട്രീം വഴിയുള്ള വിതരണം വെട്ടിക്കുറയ്ക്കന്നത് യൂറോപ്യന്‍ ഊര്‍ജമേഖലയില്‍ അധിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ധന ആശ്രിതത്വം ഘട്ടഘട്ടമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ ഉപഭോഗം 15 ശതമാനം കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. യൂറോപ്യന്‍ കമ്പനികളും തങ്ങളുടെ ഊര്‍ജ ഉപഭോഗം വെട്ടിക്കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
English Summary: Nord Stream pipeline failure; Fuel supply to Europe halted
You may like this video also