ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ സൂപ്പർ ലാർജ്’ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. 4.5 ടൺ ഭാരമുള്ള ഈ മിസൈലുകൾക്ക് 320 കിലോമീറ്റർ ദൂരത്തിൽ വരെ സഞ്ചരിക്കാൻ കഴിയും. രണ്ട് തരം തന്ത്രപരമായ മിസൈലുകളാണ് പരീക്ഷണങ്ങൾ നടത്തിയത് . അതിൽ ഒന്ന് സൂപ്പർ‑ലാർജ് ആയുധമായ ക്രൂയിസ് മിസൈൽ ആണെന്നും പറയുന്നു. ഏറ്റവും പുതിയ പരീക്ഷണൾ കിം വീക്ഷിക്കുന്ന ഫോട്ടോകൾ സർക്കാർ മാധ്യമമായ കെസിഎൻഎ പുറത്തുവിട്ടു. ഉത്തരകൊറിയയുടെ സുരക്ഷക്ക് പുറത്തുനിന്നുള്ള ശക്തികൾ ഉയർത്തുന്ന ഗുരുതരമായ ഭീഷണിക്കുള്ള മറുപടിയാണ് ഈ പരീക്ഷണങ്ങളെന്ന് കിം പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഈ ആയുധ പരീക്ഷണം ഉത്തരകൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആണവശക്തിയെ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്റേയും പരമ്പരാഗത ആയുധ മേഖലയിലും അതിശക്തമായ ആക്രമണശേഷി കൈവരിക്കേണ്ടതിന്റെയും ആവശ്യകത കിം ഊന്നിപ്പറഞ്ഞു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉത്തര കൊറിയ ആയുധങ്ങൾ പരീക്ഷിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സൈന്യവും നിരവധി രാഷ്ട്രീയ നിരീക്ഷകരും ആരോപണമുന്നയിച്ചിരുന്നു. ആയുധ പരിപാടിയുടെ പേരിൽ വലിയ അന്താരാഷ്ട്ര ഉപരോധങ്ങൾക്ക് വിധേയമായ പ്യോങ്‌യാങ്, റഷ്യയുമായുള്ള വ്യാപാരം നിഷേധിച്ചിട്ടുണ്ടെങ്കിലും സൈനിക ബന്ധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കിം കഴിഞ്ഞ വർഷം റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പുടിൻ ജൂണിൽ പ്യോങ്‌യാങ് സന്ദർശിച്ചിരുന്നു. ഇരു നേതാക്കളും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. റഷ്യൻ സുരക്ഷാ മേധാവി സെർജി ഷോയിഗുവും കഴിഞ്ഞ ആഴ്ച പ്യോങ്‌യാങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയയുടെ പർവതപ്രദേശമായ വടക്കുകിഴക്കൻ മേഖലയിൽ പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തരകൊറിയ സാധാരണ കടലിൽ പതിക്കും വിധം കിഴക്കൻ തീരത്താണ് മിസൈലുകൾ പരീക്ഷിക്കാറുള്ളത്.