Site iconSite icon Janayugom Online

ക്രിപ്‌റ്റോ ലോകത്തെ വിറപ്പിച്ച് ഉത്തര കൊറിയൻ ഹാക്കർമാർ; 2025ൽ മാത്രം കവർന്നത് 2.02 ബില്യൺ ഡോളർ

ക്രിപ്‌റ്റോകറൻസി ലോകത്തെ നടുക്കി ഉത്തര കൊറിയൻ ഹാക്കർമാർ 2025ൽ മാത്രം കവർന്നത് 2.02 ബില്യൺ ഡോളർ (ഏകദേശം 17,000 കോടി രൂപ). 2024നെ അപേക്ഷിച്ച് ഹാക്കിംഗിലൂടെയുള്ള വരുമാനത്തിൽ 51 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഇതോടെ ഉത്തര കൊറിയ ഇതുവരെ ക്രിപ്‌റ്റോ കൊള്ളയിലൂടെ സമ്പാദിച്ച ആകെ തുക 6.75 ബില്യൺ ഡോളറായി ഉയർന്നതായി ബ്ലോക്ക്ചെയിൻ അനലിറ്റിക്സ് കമ്പനിയായ ‘ചെയ്‌ൻ അനാലിസിസ്’ റിപ്പോർട്ട് ചെയ്യുന്നു.

സംഭവങ്ങളുടെ എണ്ണം കുറവാണെങ്കിലും ഓരോ തവണയും വൻ തുകകൾ കൈക്കലാക്കുന്ന തന്ത്രപരമായ രീതിയാണ് ഹാക്കർമാർ പിന്തുടരുന്നത്. ക്രിപ്‌റ്റോ സർവീസുകൾ, വെബ്3 സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വന്തം ഐടി വിദഗ്ധരെ രഹസ്യമായി ജോലിക്ക് കയറ്റിയാണ് പലപ്പോഴും ഇവർ സുരക്ഷാ സംവിധാനങ്ങൾ ഭേദിക്കുന്നത്. 2025 ഫെബ്രുവരിയിൽ ‘ബൈബിറ്റ്’ എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ നിന്ന് 1.5 ബില്യൺ ഡോളർ കവർന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ കൊള്ള.

കൂടാതെ, പ്രമുഖ വെബ്3, എഐ കമ്പനികളുടെ റിക്രൂട്ടർമാരായി ചമഞ്ഞ് ഇന്റർവ്യൂ നടത്തുകയും ‘ടെക്നിക്കൽ സ്ക്രീനിംഗ്’ എന്ന പേരിൽ കമ്പനികളുടെ വിപിഎൻ, സോഴ്‌സ് കോഡ് എന്നിവ ചോർത്തുകയും ചെയ്യുന്ന രീതിയും ഇവർക്കുണ്ട്. നിക്ഷേപകരെന്ന വ്യാജേന കമ്പനി മേധാവികളെ സമീപിച്ച് രഹസ്യവിവരങ്ങൾ കൈക്കലാക്കുന്ന ‘സോഷ്യൽ എൻജിനീയറിംഗ്’ രീതിയും ഇവർ പ്രയോഗിക്കുന്നു. മോഷ്ടിച്ച പണം വെളുപ്പിക്കുന്നതിനായി ചൈനീസ് ഭാഷയിലുള്ള സേവനങ്ങളെയും മിക്സിംഗ് പ്രോട്ടോക്കോളുകളെയുമാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്ത് നടക്കുന്ന ആകെ ക്രിപ്‌റ്റോ ഹാക്കിംഗുകളുടെ 76 ശതമാനത്തിന് പിന്നിലും ഉത്തര കൊറിയൻ സംഘങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Exit mobile version