ഉത്തര കൊറിയന്‍ സെെനികര്‍ അതിര്‍ത്തി കടന്നതിനെത്തുടര്‍ന്ന് സെെന്യം മുന്നറിയിപ്പ് വെടിവയ്പ് നടത്തിയതായി ദക്ഷിണ കൊറിയ. പത്ത് ഉത്തര കൊറിയന്‍ സെെനികരാണ് അതിര്‍ത്തി കടന്നെത്തിയത്. വെടിവയ്പ് ഉണ്ടായതോടെ ഇവര്‍ പിന്‍വാങ്ങിയതായും ദക്ഷിണ കൊറിയന്‍ സെെന്യം പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സെെന്യം വ്യക്തമാക്കി. കനത്ത സുരക്ഷയുള്ള ഡീമിലിട്ടറൈസ്ഡ് സോൺ എന്നറിയപ്പെടുന്ന അതിര്‍ത്തി മേഖലയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നേരത്തെയുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ ഉത്തരകൊറിയൻ സൈന്യം അതിർത്തി ലംഘനം നടത്തിയിട്ടും മനഃപൂര്‍വ്വമല്ലെന്ന വിലയിരുത്തലില്‍ ദക്ഷിണ കൊറിയ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
ആണവായുധങ്ങളുള്‍പ്പെടെ ഉത്തര കൊറിയ സെെനിക ശേഷി വര്‍ധപ്പിക്കുന്ന സാഹചര്യത്തിലാണ് സെെനികരുടെ അതിര്‍ത്തി ലംഘനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സെെനികാഭ്യാസങ്ങളാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നത്. ആണവനിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കണമെന്ന ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും ആഹ്വാനങ്ങള്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.

