Site iconSite icon Janayugom Online

വടകര വാഹനാപകടം; കോമയിൽ കഴിയുന്ന 9 വയസ്സുകാരിയ്ക്ക് ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസ്സുകാരി ദൃഷാനയ്ക്കും കുടുംബത്തിനും വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇൻഷുറൻസ് കമ്പനി 1.15$ കോടി രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് വടകര എംഎസിടി കോടതി ഉത്തരവിട്ടു. ഈ കേസിൽ ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണായകമായിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന വിധി.

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് രാത്രി വടകര ചോറോട് വെച്ചായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ കാർ ദൃഷാനയെയും മുത്തശ്ശി ബേബിയേയും ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ ദൃഷാന കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത്. 10 മാസത്തിന് ശേഷമാണ് അപകടമുണ്ടാക്കിയ കാർ പൊലീസ് കണ്ടെത്തിയത്. പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയായ പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നില്ല. ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

Exit mobile version