Site iconSite icon Janayugom Online

കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ

NorwayNorway

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താല്പര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവേ സന്ദർശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള കാഴ്ചപ്പാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. നോർവേയിലെ പെൻഷൻ സംവിധാനത്തെക്കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം സൂചന നൽകി.
ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി നോർവേയിലെത്തുന്നതെന്നും അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്റ് സിന്ധു എബ്ജിൽ പറഞ്ഞു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു. 

Eng­lish Sum­ma­ry: Nor­we­gian Malay­alees can invest in Kerala

You may like this video also

Exit mobile version