Site icon Janayugom Online

അഞ്ചു രൂപയുടെ കടിയല്ല ; ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് ഈ ചായക്കടക്ക് പറയാനുള്ളത്.…..

chayakkada

ചെറിയ ചായക്കടയാണെങ്കിലും ഒത്തിരി നല്ല മനുഷ്യരുടെ സംതൃപ്തിയും സന്തോഷവർത്തമാനവും  പലപ്പോഴും മനസ്സ് നിറച്ചിട്ടുണ്ടെന്ന്  പ്രായത്തേയും  വെല്ലുന്ന പ്രസരിപ്പോടെ താജുദ്ദീൻ പറയുമ്പോൾ സഹായിയായി കൂടെയുള്ള മകൻ മുജീബും അത് ശരിവെക്കുന്നു.  അഞ്ചു രൂപയുടെ കടി കൊടുക്കുന്നതല്ല, ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് ചവറ തട്ടാശ്ശേരിയിലെ മരുന്നൂർ ഫാസ്റ്റ് ഫുഡ് എന്ന ചായക്കടക്ക് പറയാനുള്ളത്.  ഒരു നാടിൻറെ അടയാളമായി നാട്ടുകാർ ഹൃദയത്തോട് ചേർത്തുവെച്ച ചായക്കടയാണിത്. റോഡിന് വീതികൂട്ടുന്നതിനനുസരിച്ച് സ്ഥാന ചലനം ഉണ്ടായിട്ടുണ്ടെങ്കിലും കടയിലെ രുചിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. പുതിയ കാലത്ത് കടക്ക് മോഡേൺ പേര് വന്നെന്നു മാത്രം. ദേശീയ പാത  വികസനത്തിന്റെ  കുടിയൊഴിപ്പിക്കലിൽ  ഇനിയെത്രനാൾ   കട തുടരാനാവുമെന്ന  ആശങ്കയിലാണിവർ.

എ പി ജെ അബ്‌ദുൾ കലാം , തോപ്പിൽ ഭാസി,ഒ  മാധവൻ, ഒ  എൻ വി   ഉൾപ്പെടെ കലാ ‚സാഹിത്യ,രാഷ്ട്രീയ, സിനിമ, രംഗത്തെ അനവധി പ്രമുഖർ ക്ഷീണമകറ്റാൻ  ചൂടുള്ള ചായതേടി എത്തിയിട്ടുള്ള  പഴമയുടെ പാരമ്പര്യമുള്ള   കടയാണിത് . കെ പി എ സി യുടെ    “നിങ്ങളെന്നെ  കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം ആദ്യം അവതരിപ്പിച്ചത്  1952 ൽ  തട്ടാശേരിയിലെ  സുദർശന  തീയറ്ററിലാണ്. അന്ന്  നാടകവുമായി ബന്ധപ്പെട്ടു വന്നവരെല്ലാം ഈ കടയിലുമെത്തി ചായ കുടിച്ചിട്ടുണ്ട് .  പിന്നീട് നാടകവുമായി ബന്ധപ്പെട്ട്    ഈ ചായക്കടയും പരാമർശവിഷയമായിട്ടുണ്ടെന്ന് മുജീബ് പറഞ്ഞു.  തിരുവനന്തപുരം പോയി എറണാകുളത്തേക്ക് മടങ്ങുന്നതിനിടയിൽ രാത്രിയിൽ    ചായ കുടിക്കാനായി ഈ കടയിൽ  കയറിയപ്പോഴാണ്  പരിചയപ്പെട്ട മുജീബ് ചായക്കൊപ്പം ചായക്കടയുടെ ചരിത്രവും വിളമ്പിയത്.  തിരുവനന്തപുരത്തു  നിന്നും കാറിലും സ്വകാര്യ വാഹനങ്ങളിലും  യാത്ര ചെയ്യുന്നവർ ഇടക്ക് നിർത്താറുള്ള വലിയ തിരക്കില്ലാത്ത  ഒരു ജംഗ്‌ഷനാണിത്.

 

എനിക്കൊപ്പം കാറിൽ ഉണ്ടായിരുന്ന ആർ ഗോപകുമാർ, നിഖിൽ ബാലകൃഷ്ണൻ, വി എൻ കൃഷ്ണപ്രകാശ് എന്നിവരും പത്രക്കാരാണെന്ന് പറഞ്ഞതോടെ മുജീബ് കടയിലെ തിരക്കിനിടയിലും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാൻ തുടങ്ങി. നാലു തലമുറകളിലൂടെ ഒരു നാടിൻറെ സംസ്കാരവുമായി അത്രയേറെ ഇഴയടുപ്പമുള്ള  കൊച്ചു കടയാണിത് . ഒരിക്കൽ കടയിൽ കയറിയിട്ടുള്ളവർ പിന്നീട് യാത്രക്കിടയിൽ കടയിലെത്തി പഴയ അനുഭവവും കഴിച്ച ഭക്ഷണത്തിന്റെ ഓർമ്മകളുമെല്ലാം പങ്കിടുമ്പോഴുള്ള നിമിഷങ്ങൾ ജീവിതത്തിന്റെ പുണ്യമാണെന്ന്  പറയുമ്പോൾ  താജുദ്ദീന്റെ   മുഖത്തും ആ സന്തോഷം പ്രകടമാണ്.രാവിലെ ആറുമണിയോടെ തുറക്കുന്ന കട രാത്രി 11  മണിയോടെയാണ് അടക്കുന്നത്. പുലർച്ചെ മുതൽ പതിവുകാരും എത്തും.  ക്ഷീണിതരായി  നടന്നു പോകുന്ന വഴിയാത്രക്കാർക്ക് പോലും കടയിൽ നിന്നും സൗജന്യമായി ചായയും കടിയും കൊടുക്കുന്നതും പതിവാണ്. വീട്ടിലെ പശുവിന്റെ  പാലാണ്  കടയിൽ ചായക്ക് ഉപയോഗിക്കുന്നത്. പ്രായമായ പിതാവിനെ സഹായിക്കാൻ കെ എം എം എൽ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ മകൻ മുജീബ്  മരുന്നൂരും കടയിലുണ്ടാവും. പാരമ്പര്യമായി തുടങ്ങിയ കട ഒരു വരുമാന മാർഗ്ഗത്തേക്കാൾ ജീവിത്തിന്റെ ഒഴിവാക്കാനാവാത്ത അഭിവാജ്യ ഘടകമാണെന്ന്  മുജീബിന്റെ വാക്കുകളിലും ഒളിഞ്ഞിരിപ്പുണ്ട്.  വിലവർദ്ധനവിന്റെ  ഈ കാലത്തും അഞ്ചു രൂപയാണ് കടികൾക്ക് വില എന്നതും ഇവരുടെ മനസിന്റെ തെളിമയാണ് വിളിച്ചോതുന്നത്.

ഇത് വഴി പോകുമ്പോൾ ഇനിയും കടയിൽ കയറണമെന്ന് പറഞ്ഞാണ്  പൊടിമഴയത്ത്  അവർ ഞങ്ങളെ യാത്രയാക്കിയത്.

 

Eng­lish Sum­ma­ry: Not a bite of five rupees; This tea shop has a his­to­ry of over a century .…..

 

You may like this video also

Exit mobile version