Site iconSite icon Janayugom Online

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രീം കോടതി

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതപരിവര്‍ത്തനം നടത്തുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മതപരിവര്‍ത്തനത്തിന് ശേഷമുള്ള വിവാഹങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. വിവാഹാവശ്യത്തിനുള്ള മതപരിവര്‍ത്തനങ്ങള്‍ ജില്ലാ മജിസ്ട്രേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്ന് മേത്ത ചൂണ്ടിക്കാട്ടി.

ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് സുപ്രീം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Not all con­ver­sions ille­gal: Supreme Court

You may also like this video

Exit mobile version