വിലക്കയറ്റത്തിനൊപ്പം വിവിധ ചാർജുകളും കുതിച്ചുയർന്നിട്ടും വിവിധ സേവനങ്ങൾക്കുള്ള നിരക്കുയർത്താത്തതിനാൽ നിലതെറ്റി അക്ഷയ കേന്ദ്രങ്ങൾ. 2018ലെ നിരക്ക് പ്രകാരമാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനുശേഷം വൈദ്യുതി ചാർജ്, ഇന്റർനെറ്റ് നിരക്ക്, പേപ്പർ വില എന്നിവയിൽ വൻ വർദ്ധനവുണ്ടായി. കമ്പ്യൂട്ടർ അറ്റകുറ്റപ്പണിക്കൂലിയും വിവിധ ഉപകരണങ്ങളുടെ വിലയും ഇരട്ടിയായി. ഇതിന് പുറമേ ഭക്ഷ്യവസ്തുക്കളുടെയും പെട്രോൾ, പാചകവാതകം അടക്കമുള്ള ഇന്ധന വിലയും വർദ്ധിച്ചു. ബസ് ചാർജ് രണ്ട് തവണ ഉയർത്തി. എന്നാൽ അക്ഷയ കേന്ദ്രങ്ങളുടെ നിരക്ക് പഴയതുപോലെ തുടരുകയാണ്.
ജീവനക്കാർക്കടക്കം ശമ്പളം നൽകിക്കഴിയുമ്പോൾ കാര്യമായി മിച്ചം ഇല്ലാത്തതിനാൽ പല അക്ഷയ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യാജ അക്ഷയകേന്ദ്രങ്ങളാകട്ടെ കൊള്ള ഫീസാണ് ഇടാക്കുന്നത്. വ്യാജ അക്ഷയകേന്ദ്രങ്ങൾക്കെതിരെ നടപടിയില്ല. അക്ഷര, ആശ്രയ തുടങ്ങിയ പേരുകളിലാണ് പ്രവർത്തനം. സേവനങ്ങൾക്ക് ഈടാക്കുന്നത് കൊള്ള ഫീസ്. എന്നാൽ പഴി കേൾക്കുന്നത് യഥാർത്ഥ അക്ഷയകേന്ദ്രങ്ങൾക്കാണ്. ഇവരെ സർക്കാർ സംവിധാനങ്ങളും വേട്ടയാടുകയാണ്.
2018ൽ നിശ്ചയിച്ചത് പ്രകാരം റേഷൻ കാർഡിന് 50 രൂപ, പേര് ചേർക്കൽ, തിരുത്തൽ എന്നിവയ്ക്ക് 25,പാസ്പോർട്ടിന് 200, ന്യൂനപക്ഷ സ്കോളർഷിപ്പിന് (പോസ്റ്റ് മെട്രിക്) 70രൂപ, (പ്രീ മെട്രിക്കിന് ) 60രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേയ്ക്ക് 20 രൂപ, മസ്റ്ററിംഗിന് 30 രൂപ, വീടുകളിൽ എത്തി ചെയ്യുന്നതിന് 50 രൂപ ഇ‑ഡിസ്ട്രിക് സേവനത്തിന് ജനറലിന് 25, മുൻഗണനയ്ക്ക് 20, എസ് സി, എസ് ടി 10 എന്നിങ്ങനെയാണ് നിരക്ക്.
നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടും അനാവശ്യ വിജിലൻസ് പരിശോധനയ്ക്കുമെതിരെ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
English Summary: not charging for services; Akshaya centers with complaints
You may also like this video

