കേസിൽ കുറ്റവിമുക്തനായി, പക്ഷേ വിധി കേൾക്കാൻ ഇന്നയാളില്ല. കോടതി വിധി കുഴിമാടത്തിലെത്തി വായിച്ച് കേൾപ്പിച്ച് പ്രിപ്പെട്ടവർ. മുംബൈ ട്രെയിൻ സ്ഫോടന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കമാൽ അഹമ്മദ് അൻസാരിയെയാണ് മരണപ്പെട്ട് 4 വർഷത്തിനിപ്പുറം കുറ്റ വിമുക്തനാണെന്ന് കോടതി പ്രഖ്യാപിച്ചത്. 16 വർഷമാണ് കമാൽ അഹമ്മദ് അൻസാരി ജയിലിലടക്കപ്പെട്ടത്.
ഞായറാഴ്ചയാണ് 2006ലെ മുബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റവിമുക്തനായ കമാൽ അഹമ്മദ് അൻസാരിയുടെ വീട്ടുകാർ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ചത്.
ഇതിന് പിന്നാലെയാണ് ബന്ധുക്കൾ കമാൽ അൻസാരിക്ക് ആദരവുമായി കുഴിമാടത്തിൽ എത്തിയത്. കേസിൽ കമാൽ അഹമ്മദ് അൻസാരി അടക്കം 5 പേർക്ക് വധശിക്ഷയായിരുന്നു. വിശ്വസ യോഗ്യമായ തെളിവുകൾ ഇല്ലെന്ന് വിശദമാക്കിയാണ് കേസിൽ കോടതി ശിക്ഷിച്ചവരെ ബോംബൈ ഹൈക്കോടതി കുറ്റവിമുക്താരാക്കിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോവിഡ് ബാധിച്ചാണ് കമാൽ അഹമ്മദ് അൻസാരി മരിക്കുന്നത്. പച്ചക്കറിയും കോഴിയിറച്ചി കടയും നടത്തിയായിരുന്നു അൻസാരിയും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്.

