Site icon Janayugom Online

പഠനത്തില്‍ താല്പര്യമില്ല; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു

Students

പഠനത്തില്‍ താല്പര്യമില്ലാത്തതിനാല്‍ രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (2019–21) പ്രകാരം ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇക്കാരണത്താല്‍ പഠനം ഉപേക്ഷിച്ചതെന്നാണ് ചൂണ്ടിക്കാട്ടിയത്. ആറ് മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ 57.1 ശതമാനം കുട്ടികള്‍ 2019–20 അധ്യയന വര്‍ഷത്തിന് മുമ്പ് പഠനം ഉപേക്ഷിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ‘പഠനത്തില്‍ താല്പര്യമില്ല’ എന്നതാണ്. ഇതില്‍ 21.4 ശതമാനം പെണ്‍കുട്ടികളും, 35.7 ശതമാനം ആണ്‍കുട്ടികളുമാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐഐപിഎസ്) ആണ് പഠനം നടത്തിയത്. 20,084 ആണ്‍കുട്ടികളെയും 21,851 പെണ്‍കുട്ടികളെയുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം രാജ്യത്ത് എത്രകുട്ടികള്‍ പഠനം ഉപേക്ഷിച്ചുവെന്ന കണക്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യൂക്കേഷന്റെ (യുഡിഐഎസ്ഇ) ഏറ്റവും പുതിയ കണക്കു പ്രകാരം 2020–21 വര്‍ഷത്തില്‍ പ്രൈമറി തലത്തില്‍ പഠനം ഉപേക്ഷിച്ചവരുടെ നിരക്ക് 0.8 ശതമാനം ആണ്. എന്നാല്‍ സെക്കന്‍ഡറി തലത്തില്‍ (ഒമ്പത്, പത്ത് ക്ലാസുകള്‍) ഇത് 14.6 ശതമാനമാണ്. അതേസമയം 2019–20 വര്‍ഷത്തിലെ 16.1 ശതമാനം നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്. പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പഠനം ഉപേക്ഷിച്ചു പോകുന്നത് ആണ്‍കുട്ടികളാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1998–99 കാലയളവില്‍ 41 ശതമാനം ആണ്‍കുട്ടികളാണ് പഠനം ഉപേക്ഷിച്ചത്. പെണ്‍കുട്ടികളുടെ നിരക്ക് 26 ശതമാനമാണ്. 2005-06, 2015–16 വര്‍ഷങ്ങളില്‍ യഥാക്രമം 36 ശതമാനം 44 ശതമാനം എന്നിങ്ങനെ ആണ്‍കുട്ടികളാണ് പഠനം ഉപേക്ഷിച്ചത്. പഠനം ഉപേക്ഷിച്ച പെണ്‍കുട്ടികളുടെ നിരക്ക് 21, 25 ശതമാനമാണ്. പഠന ചെലവ് മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് 16 ശതമാനം ആണ്‍കുട്ടികളും 20 ശതമാനം പെണ്‍കുട്ടികളും അഭിപ്രായപ്പെട്ടതെന്ന് സര്‍വേയില്‍ പറയുന്നു. വീട്ടു ജോലികളെ തുടര്‍ന്ന് 13 ശതമാനം പെണ്‍കുട്ടികളും 10 ശതമാനം ആണ്‍കുട്ടികളും പഠനം ഉപേക്ഷിച്ചു. 

നേരത്തെ വിവാഹം കഴിച്ചയച്ചതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നത് ഏഴ് ശതമാനം പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ആണ്‍കുട്ടികളുടെ നിരക്ക് 0.3 ശതമാനമാണ്. തൊഴില്‍ ചെയ്യുവാനായി പഠനം ഉപേക്ഷിച്ചുവെന്നാണ് ആറ് ശതമാനം ആണ്‍കുട്ടികളും 2.5 ശതമാനം പെണ്‍കുട്ടികളും അഭിപ്രായപ്പെട്ടത്. സ്കൂളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ അഞ്ച് ശതമാനം വീതം ആണ്‍, പെണ്‍ കുട്ടികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Not inter­est­ed in learn­ing; Mil­lions of stu­dents drop out of school

You may like this video also

Exit mobile version