അടുത്ത മാസം ആദ്യം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നത് എലോണ്‍ മസ്കിന്റെ റോക്കറ്റല്ല, ചൈനയുടേതെന്ന് സ്ഥിരീകരണം. ബിൽ ഗ്രേ എന്ന ബഹിരാകാശ നിരീക്ഷകനാണ് ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന വിവരം ആദ്യമായി പുറത്തുവിട്ടത്.
സ്പേസ് എക്സ് 2015ൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി 2014ൽ ചാങ് 5‑ടി1 എന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിച്ച റോക്കറ്റാണ് നിയന്ത്രണംവിട്ട് കാലക്രമേണ ചന്ദ്രനിലേക്ക് തന്നെ പതിക്കുന്നതെന്നാണ് നിലവിലെ സ്ഥിരീകരണം.
റോക്കറ്റിനെ കൃത്യമായി തിരിച്ചറിയുന്നതിൽ തെറ്റുപറ്റിയെന്നും ഫാൽക്കൺ‑9 അല്ല, ചൈനയുടെ റോക്കറ്റാണ് ചന്ദ്രനുമായി കൂട്ടിയിടിക്കാൻ പോകുന്നതെന്നും ബിൽ ഗ്രേ കഴിഞ്ഞ ദിവസം പറഞ്ഞു. മാർച്ച് നാലിന് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂട്ടിയിടി വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്പേസ് എക്സിന് ബഹിരാകാശ മേഖലയിൽ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ദൗത്യം പൂർത്തിയാക്കിയ വിക്ഷേപണ വാഹനങ്ങളെ കൃത്യമായി നിർമാർജ്ജനം ചെയ്യുന്നതിൽ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നേരത്തെ, സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹം രണ്ട് തവണ ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാങ്ഗോങിന് സമീപമെത്തിയതും വിമര്‍ശനത്തിന് കാരണമായിരുന്നു.
ചന്ദ്രനിലേക്കുള്ള റോക്കറ്റിന്റെ പതനം അപകടകരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
English Summary:Not Musk’s, but China’s rocket will launch next month
You may like this video also