ഇപ്പോഴത്തെ ഭീകരങ്ങളായ പ്രകൃതി ദുരന്തങ്ങൾ കാണുമ്പോൾ നമ്മുക്ക് അത്ഭുതം
തോന്നുകയും ഇത് ഉണ്ടാക്കിവച്ച ദുരന്തങ്ങളാണെന്ന് ശപിക്കുകയും ചെയ്യും. പ്രകൃതിക്ക് മേൽ നാം നടത്തിയ കയ്യേറ്റങ്ങളും വെട്ടിപ്പിടിത്തങ്ങളുമാണ് ഇന്ന് നാം കൊടുക്കേണ്ടി വരുന്ന വിലയെന്നും പരിതപിക്കാറുണ്ട്. 2017ലെ ഓഖിയും 2018ലെ മഹാപ്രളയവുമൊക്കെയാണ് പലപ്പോഴും നാം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ 2004ഡിസംബർ 26ന് സംഭവിച്ച സുനാമിയെ നാം അധികം പരാമർശിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.
പരശുരാമൻ മഴുവെറിഞ്ഞു കടലിൽ നിന്നും കര സൃഷ്ടിച്ചതാണ് കേരളമെന്നത് കഥയാണെങ്കിലും ഈ മിത്തിൽ ചില സൂക്ഷ്മ യഥാർഥ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. മിത്തോളജി പറയുന്നത് മിത്തുകളെല്ലാം രൂപപ്പെട്ടു വരുന്നത് സമൂർത്തമായ ഭൗതിക സാഹചര്യങ്ങളിൽ നിന്നാണെന്നാണ്. അതിശയോക്തി കലർത്തി അതിൽ ഭൗതികേതര പൊടിപ്പും തൊങ്ങലും ചേർത്ത് രൂപപ്പെടുന്നതിനാൽ മിഥ്യയും സത്യവും വേർതിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. പരശുരാമന്റെ ഐതിഹ്യംവച്ച് പല ചരിത്രകാരന്മാരും ഉയർത്തുന്ന വാദം സഹ്യപർവതത്തിന്റെ അടിവാരം വരെ അറബിക്കടലായിരുന്നു എന്നാണ്. ഇത് കയറിയും ഇറങ്ങിയും കിടന്നു. നൂറ്റാണ്ടുകൾ കൊണ്ടോ പെട്ടെന്നുണ്ടായ പ്രകൃതി പ്രതിഭാസം കൊണ്ടോ (ഒരു പക്ഷെ സുനാമി തന്നെ ആയിക്കൂടെന്നില്ല.)കടലിനു മുകളിലേക്ക് കര പൊന്തി വന്ന് രൂപപ്പെട്ടതാകാം കേരളമെന്ന ഈ ഭൂപ്രദേശം.
ഇതിനായി പല തെളിവുകളും ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ചങ്ങനേശേരിക്കടുത്ത്
വാഴപ്പള്ളിയിൽ നിന്നും ലഭിച്ച വിവിധ കടൽ ജീവികളുടെ ഫോസിലുകൾ, ചേർത്തലക്കടുത്ത് തൈക്കലിൽ ഖനനം ചെയ്തെടുത്ത ആയിരം വർഷം പഴക്കമുള്ള പായ്ക്കപ്പൽ, മാരാരിക്കുളത്തെ കപ്പപ്പാടത്തു നിന്നും ലഭിച്ച കപ്പലിന്റേതെന്ന് കരുതാവുന്ന തടിക്കഷണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. കടലിറങ്ങി ഇടനാട്, തീരപ്രദേശം എന്നിവക്കൂടി രൂപപ്പെട്ട ഇന്നത്തെ കേരളക്കര ഒട്ടേറെ പ്രകൃതി ക്ഷോഭങ്ങൾക്ക് സാക്ഷിയായി. ഇത്തരം പ്രകൃതി ദുരന്തങ്ങൾ കൂടിയാണ് കേരളം രൂപപ്പെട്ടതിന് പിന്നിലെന്ന് പ്രകൃതി ശാസ്ത്രജ്ഞർ ഉറപ്പിച്ച് പറയുന്നു. ഏറ്റവും കൗതുകമായി തോന്നുന്ന ഒരു ചരിത്രരേഖ ഇന്ത്യയും അന്നത്തെ റോമാ സാമ്രാജ്യവുമായി നടത്തിയ വ്യാപാരങ്ങളെക്കുറിച്ച് ഇ എച്ച് വാമിങ്ങ്ടൺ എഴുതിയ പുസ്തകത്തിൽ പണ്ട് കാലത്ത് കൊടുങ്ങല്ലൂരിൽ നിന്നും കോട്ടയത്തേക്ക് കപ്പലിൽ യാത്ര ചെയ്തതിന്റെ വിവരണങ്ങളുണ്ട്. കയറി കിടക്കുന്ന കടലിന്റെ സാമിപ്യമാണ് ഇവിടെ കനത്ത മഴക്ക് പ്രധാന കാരണം.
കൃത്യമായ മൻസൂണിന്റെ വരവിനും കാരണം കടൽ തന്നെയാണ്. ഇതിൽ ഏറെ ഗുണവും ദോഷവുമുണ്ട്. നമ്മുടെ നാട്ടിൽ പച്ചപ്പ് നില നിർത്തുന്നതും 44നദികളുടെ സമൃദ്ധമായ ഒഴിക്കിനും നാം അറബിക്കടലിനോട് കടപ്പെട്ടിരിക്കുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശമായി കേരളം മാറി. മഴ മേഘങ്ങളെ തടഞ്ഞു നിർത്തുന്നതിൽ മല നിരകൾക്ക് പ്രധാന പങ്കുണ്ടെങ്കിലും മഴ മേഘങ്ങളുടെ വരവിന്റെ തോതും അളവും മറ്റും കടലിനെ ആശ്രയിച്ചണിക്കിരിക്കുന്നത്. കടലിൽ ഉണ്ടാകുന്ന കനത്ത ചൂടും അത് സൃഷ്ടിക്കുന്ന ന്യൂനമർദങ്ങളുമൊക്കെ കരയിൽ ഭീമാകാരങ്ങളായ മഴത്തുള്ളികളെ സൃഷ്ടിക്കും. ആകാശ സഞ്ചിയെന്നോ മേഘസ്ഫോടനമെന്നോ പറയാവുന്ന മഴ വ്യതിയാനങ്ങൾ കരയിൽ ദുരന്തങ്ങളായിരിക്കും ഉണ്ടാക്കുക. കരയിൽ നാം ഉണ്ടാക്കുന്ന അശാസ്ത്രീയ നിർമ്മിതികളും മറ്റും ഇതിന്റെ ആക്കം കൂട്ടും. കരയിലെ പ്രവൃത്തികൾ മാത്രമല്ല ദുരന്തങ്ങൾക്ക് കാരണം. കടലാണിവിടെ വലിയ വില്ലൻ. ഭൂമിയുടെ 71% കടലാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഫുട്ബോളിന്റെ മുകൾ ഭാഗത്തെ ചെറിയൊരു മുനമ്പ് മാത്രമാണ് കര. ആഗോള താപനം കടലിലെ പരിസ്ഥിതിയെ വല്ലാതെ ബാധിക്കും. അതാണ് ലോകമെമ്പാടും ഇപ്പോൾ കാലവസ്ഥ വ്യതിയാനങ്ങൾക്കും ഭീതിജനകമായ മഴക്കും കാരണമാകുന്നത്.
കേരളത്തിലെ മഴയെയും അത് വരുത്തുന്ന ഉരുൾപൊട്ടലുകൾ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും നാം കൂടുതലും ബന്ധപ്പെടുത്തുന്നത് പശ്ചിമഘട്ടത്തെയും കരയിലെ മറ്റ് അശാസ്ത്രീയ നിർമ്മിതികളെയും ഖനനം പോലുള്ള പ്രകൃതി ചൂഷണങ്ങളെയും കൊണ്ടാണ്. കേരള കടൽത്തീരം ഏതാണ്ട് 590കിലോമീറ്ററാണ്. ഇത് ലോകത്ത് തന്നെ അപൂർവമാണ്. നാം കടലിൽ നിന്നും പൊന്തി വന്നതാണെന്ന് ഗവേഷകർ പറയുന്നത് അതുകൊണ്ടാണ്. അനാദികാലം മുതൽ കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായിരുന്നു എന്ന് പറയുന്നതും അതുകൊണ്ടാണ്. കേരളം തികച്ചും സുരക്ഷിതമായ പ്രദേശം ആയിരുന്നില്ലെന്നർത്ഥം. കാലഗണനയ്ക്ക് പോലും ഇന്ന് പരിഗണിക്കുന്ന വെള്ളപ്പൊക്കത്തിന് (1924) ഇപ്പോൾ 100വർഷം തികയുകയാണ്. ഇതുപോലുള്ള ഒരു കർക്കിടകത്തിലായിരുന്നു അത്. 2000അടി മുകളിലുള്ള അന്നത്തെ മൂന്നാർ പട്ടണം പോലും ഒലിച്ചു പോയി. അന്ന് തർന്നടിഞ്ഞ റെയിവേ പിന്നീട് ചുരം കയറിട്ടേയില്ല. ആയിരങ്ങളാണ് അന്ന് മരിച്ചത്. കടലുണ്ടിപ്പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടന്നതായി പറയുന്നു. പല വീടുകളും ഒലിച്ചുപോയി അതിന് മുകളിൽ വളർത്തു മൃഗങ്ങൾ പോലുമുണ്ടായിരുന്നു. വേണ്ടത്ര വാർത്താ സംവിധാനങ്ങളോ ഇന്നത്തെ പോലെ പത്രങ്ങളോ ഇല്ലാത്തതിനാലും വിവരങ്ങൾ കൃത്യമായി സൂക്ഷിച്ച് വയ്ക്കുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഇല്ലാത്തതിനാലും അന്നത്തെ വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ ശരിക്കും പുറം ലോകം അറിഞ്ഞില്ല.
കടലിന്റെ സാമീപ്യം എന്നും നമുക്കൊരു ഭീഷണി തന്നെയായിരുന്നു. വെറും അരക്കോടി ജനസംഖ്യ ഉണ്ടായിരുന്ന കാലത്ത് പ്രതേകിച്ച് മൂന്നായി കിടന്ന കേരളത്തിലെ ഭൂപ്രകൃതിയിലെ പരിസ്ഥിതിക്ക് കാര്യമായ കോട്ടമില്ലാത്ത കാലത്താണ് മഴ ഇവിടെ താണ്ഡവമാടിയത്. 1924ലെ വെള്ളപ്പൊക്കത്തിന് മുൻപ് 1341ലും വലിയൊരു വെള്ളപ്പൊക്കം കേരളത്തെ ഗ്രസിച്ചതായി ഇബൻബത്തൂത്തയുടെ അവ്യക്തമായ ചില സഞ്ചാര വിവരണങ്ങളിൽ കാണുന്നുണ്ട്. ഇന്നത്തെ കേരളത്തിന്റെ ഭൂപ്രകൃതി രൂപപ്പെട്ടത് ഈ മഹാപ്രളയത്തിലായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. പ്രാചീന കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന മുസിരിസ് അതായത് ഇന്നത്തെ കൊടുങ്ങല്ലൂർ തുറമുഖത്തിന്റെയും അതുപോലെ തെക്കൻ കേരളത്തിലെ പ്രമുഖ തുറമുഖമായിരുന്ന പുറക്കാടിന്റെയും നാശത്തിന് 1341ലെ വെള്ളപ്പൊക്കം കാരണമായി. പെരിയാർ ഗതി മാറി ഒഴുകി. വേമ്പനാട്ട് കായലിന് രൂപമാറ്റം സംഭവിച്ചു. ഇന്നത്തെ കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണ്.
ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു. അതിന് കാരണം സമുദ്രങ്ങളിലെ മാറ്റങ്ങൾ തന്നെയാണ്. അത് ചുഴലിക്കാറ്റായും കൊടും മഴയായും നമ്മെ ഗ്രസിക്കുന്നു. വയനാട് ദുരന്തം നടന്ന സ്ഥലത്ത് അതായത് ഉരുൾപൊട്ടൽ സംഭവിച്ച ഭാഗത്ത്, ഒരൊറ്റ ദിവസം തുടർച്ചയായി പെയ്ത മഴ 550 മില്ലി മീറ്ററിന് അധികമായിരുന്നു. കേരളത്തിൽ ഒരു വർഷം രണ്ട് സീസണിലുകളിലായി ഒരു വർഷം പെയ്യുന്നത് 3000മില്ലി മീറ്റർ മഴയാണെന്ന് ഓർക്കണം. ഒരു വർഷം ആകെ പെയ്യുന്ന മഴയുടെ ആറിലൊന്ന് വയനാട്ടിലെ ദുരന്തമുഖത്ത് പെയ്തു . ഇത്രയും മഴ എവിടെ തുടർച്ചയായി പെയ്തിറങ്ങിയാലും അവിടെ ദുരന്തമുണ്ടാകും എന്നതിന് സംശയമില്ല. അത് തീരപ്രദേശമാകട്ടെ ഇടനാടാകട്ടെ മലനാടക്കട്ടെ വ്യത്യാസമില്ല. കാടും മലയും മാത്രമല്ല കടലും സംരക്ഷിക്കപ്പെടേണ്ടതാണ്. സുനാമിയെ ഇന്നെല്ലാവരും മറന്ന് പോയിരിക്കുന്നു. കൊല്ലത്തു മാത്രം എത്രപേരാണ് മരിച്ചത് എത്രയോ വീടുകളും ജനങ്ങളുടെ സ്വത്തുക്കളും കടലെടുത്തു. ഇതും കടൽ പ്രതിഭാസം മൂലമുണ്ടായ ദുരന്തങ്ങളായിരുന്നു. ഉൾക്കടലിൽ ഇപ്പോഴും ഇത്തരം സുനാമികൾ സംഭവിക്കുന്നുണ്ട്. കടൽ വലിയുന്നതും കള്ളക്കടൽ എന്നൊക്കെ നാം പ്രദേശികമായി പറയുന്നതുമൊക്കെ ഇത്തരം പ്രതിഭാസങ്ങളാണ്. കരയിൽ വരുമ്പോഴാണ് നാം അറിയുന്നത് എന്ന് മാത്രം. ഇതൊക്കെയാണെങ്കിലും ഇന്ന് കടലിന്റെ നാശം ഒരു ആഗോള വിഷയം കൂടിയാണ്.