Site iconSite icon Janayugom Online

അധികാരത്തിന്റെ ഗുണങ്ങളല്ല അനുഭവിച്ചത് വ്യക്തിഹത്യ: പത്മജ

രാജ്യസഭാ സീറ്റ് പ്രഖ്യാപനത്തിനുപിറകെ വാർത്തയായ ഫേസ്ബുക്ക് പോസ്റ്റിന് കൂടുതൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ശനിയാഴ്ചയിലെ കുറിപ്പ് രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിലാണെന്ന രീതിയിൽ കോൺഗ്രസ് അനുകൂലികൾ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.
ഇതിനെതിരെയാണ് ഇന്ന് രാവിലെ വിശദീകരണവുമായി പത്മജ പുതിയ പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂർണ രൂപം:
രാജ്യ സഭ സീറ്റ്‌ കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ്‌ ഇട്ടത് എന്ന ചിലരുടെ കമന്റ്‌ കണ്ടു..
രാജ്യ സഭ സീറ്റിന് ആയി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല.. സീറ്റിന് വേണ്ടി ഞാൻ ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയില്ല.. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല..
എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ നിരുപദ്രവകരം ആയി ഈ സന്ദർഭത്തിൽ പറഞ്ഞു എന്ന് മാത്രം..ചില ആൾക്കാർ എന്നെ അധിക്ഷേപിക്കുന്നത് കാര്യങ്ങൾ അറിയാതെ തെറ്റിദ്ധരിച്ചാണ്..
എന്നെ നേരിട്ട് അറിയുന്നവർക്ക് എന്റെ വ്യക്തിത്വം അറിയാം.. അവർ എന്നെ തെറ്റിദ്ധരിക്കില്ല..

അധികാരത്തിന്റെ ഗുണങ്ങളെക്കാൾ വ്യക്തിഹത്യകളും ആക്രമണങ്ങളും ദോഷങ്ങളും ആണ് ഞാൻ ജീവിതത്തിൽ നേരിട്ടിട്ടുള്ളത് .

സ്ത്രീ എന്ന നിലയിൽ ഒരുപാട് അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ഞാൻ കാലങ്ങളായി നേരിടുന്നുണ്ട്.. മുമ്പ് ഇത് കേൾക്കുമ്പോൾ വേദനിച്ചിട്ടുണ്ട്.. പക്ഷേ ഇപ്പോൾ ഈ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും എന്റെ മനസ്സിനെ തളർത്തുന്നില്ല.. അധിക്ഷേപങ്ങൾ കേട്ട് ഓടിയൊളിക്കുന്ന ആളല്ല ഇപ്പോൾ ഞാൻ .. പറയാനുള്ളത് ഇനിയും പറയും..

എന്നെപ്പറ്റി ഉള്ള വിമർശനങ്ങളും പ്രശംസകളും
ഞാൻ ഒരുപോലെ സ്വീകരിക്കുന്നു.. മോശം കമന്റ് എഴുതുന്നവർ എന്നെ നേരിട്ട് അറിയാത്ത, എന്നെപ്പറ്റി തെറ്റിദ്ധാരണ ഉള്ളവർ ആണ്.. അവരോട് എനിക്കൊരു ശത്രുതയും ഇല്ല..


ഇതുകൂടി വായിക്കാം; ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; അമർഷം പുകയുന്നു


ശനിയാഴ്ച രാത്രിയാണ് തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട് എന്ന ആമുഖത്തോടെ പത്മജ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പത്മജ സ്ഥാനാർത്ഥിയാവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു, ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി എഐസിസി പ്രഖ്യാപനം.
പത്മജ ശനിയാഴ്ച പ്രസിദ്ധമാക്കിയ എഫ്ബി പോസ്റ്റിന്റെ പൂർണരൂപം:
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…
എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..

 


എഫ്ബി പോസ്റ്റ്; https://www.facebook.com/padmajaofficial/posts/2187115594798785


നേരത്തെ പത്മജയുടെ സഹോദരൻ കൂടിയായ കെ മുരളീധരനും രാജ്യസഭാ സീറ്റ് വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ച് രംഗത്തുവന്നു. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിനെതിരെയായിരുന്നു ഇത്. സുധാകരനൊപ്പം നിന്ന് കോൺഗ്രസിലെ വല്യേട്ടന്മാർക്കെതിരെ പൊരുതിയ മുരളിയുടെ അപ്രതീക്ഷിത നീക്കം കോൺഗ്രസിൽ ഏറെ ചർച്ചയായിരുന്നു.

Eng­lish sum­ma­ry; not the virtue of pow­er: Padmaja

You may also like this video;

Exit mobile version