Site iconSite icon Janayugom Online

വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്

ഏതൊരാൾക്കും മനസിലാകുന്ന ലളിതയുക്തി കൊണ്ട് വലിയ ദാർശനിക പ്രശ്നങ്ങൾക്ക് ഉത്തരം കാണുന്നതായിരുന്നു ശ്രീനാരായണ ഗുരു മുന്നോട്ട് വച്ച ദർശനം. തർക്കങ്ങൾ സൃഷ്ടിച്ച് പക്ഷങ്ങളെ രൂപപ്പെടുത്തുന്ന രീതിയെ ഗുരു ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. വാദിച്ചു ജയിക്കുമ്പോൾ അവിടെ സ്വാഭാവികമായും സംഭവിക്കുന്നത് രണ്ട് വിരുദ്ധ ധ്രുവങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. യുക്തി ഭദ്രമല്ലാത്ത താല്‍ക്കാലിക തർക്കങ്ങൾ കൊണ്ട് സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് ഗുരുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമാത്രമായുള്ള ഒരു ദർശന മായിരുന്നു അത്. കേരളീയ നവോത്ഥാനത്തിന് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നു. അത് ജാതിയെയും മതത്തെയും മാത്രം അടിസ്ഥാനമാക്കിയല്ല പ്രവർത്തിച്ചത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നത്. ഈ മുന്നേറ്റങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തത് അവർണ സമുദായത്തിൽ ജനിച്ച ശ്രീനാരായണ ഗുരുവായിരുന്നു. ജാതിവ്യവസ്ഥ കാരണം മർദിതരും ചൂഷിതരുമായി കഴിഞ്ഞ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേരളീയ നവോത്ഥാനത്തിന് കഴിഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ലളിതമായ സിദ്ധാന്തമാണ് നാരായണ ഗുരുവിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടത്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന മതനിരപേക്ഷ ചിന്തയായിരുന്നു അത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ രൂപംകൊണ്ടിട്ടുള്ള മറ്റേത് നവോത്ഥാന പ്രസ്ഥാനങ്ങളെക്കാൾ ശക്തവും കാലാതിവർത്തിയുമായി അത് പരിണമിച്ചു. ശ്രീനാരായണന്റെ പ്രത്യേകത അദ്ദേഹം പുതിയതായി യാതൊരു മതവും സൃഷ്ടിച്ചില്ല എന്നതാണ്. 1917 ൽ ഗുരു പറഞ്ഞു. ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രധാന ദേവാലയം, വിദ്യാലയമായിരിക്കണം. പണംപിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജാതിക്കും മതത്തിനും അപ്പുറം പുരോഗമന ചിന്തകൾക്കും വിദ്യാഭ്യാസത്തിനും അത് പ്രാമുഖ്യം നല്‍കി. വാസ്തവത്തിൽ കേരളത്തിന്റെ തനത് ദാർശനികമായ കാഴ്ചപ്പാടുകളെ അക്കാദമിക് ചിന്തയോടുകൂടി ദർശിച്ച മഹാനായിരുന്നു നാരായാണഗുരു. 

മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്വോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ലെന്ന് ഗുരു പറയുന്നുണ്ട്. ഇത്തരമൊരു സൈദ്ധാന്തികമായ ബലത്തിലാണ് ഗുരു തന്റെ ചിന്താ പദ്ധതികൾ മുന്നോട്ടുവച്ചത്. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ വച്ച് ഗുരു ശിവഗിരിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മഹാപാഠശാലയെ പറ്റി പറയുന്നുണ്ട്. ഈ പാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വളരെ വിശാലമായതും എന്നാൽ ദാർശനിക അടിത്തറയുള്ളതുമായ ഒരു കാഴ്ചപ്പാടാണ് ഗുരു പതിറ്റാണ്ടുകൾക്ക് മുമ്പ് വിഭാവന ചെയ്തത്. പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ട് അത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും പിന്നീട് അത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. ഗുരുവിന്റെ വാക്കുകളും ദർശനങ്ങളും വളരെ സജീവമായി നിലനില്‍ക്കുമ്പോൾതന്നെ ഗുരു ദർശനത്തിനു വിരുദ്ധമായി അതിനെ വ്യാഖ്യാനിക്കുകുയും പ്രവൃത്തിപഥത്തിൽ എത്തിക്കുകയും ചെയ്തത് സമകാലീന കേരളത്തിന്റെ വിരുദ്ധോക്തിയാണ്. മനുഷ്യരെയെല്ലാം ഒന്നായി കാണുന്ന ലോക തത്വമാണ് ഗുരു മുന്നോട്ടുവച്ചത്. മതം അതിരുകൾ സൃഷ്ടിക്കുവാനല്ല അതിരുകൾക്കപ്പുറത്തേക്ക് ചിന്തിക്കുവാനുള്ള ഒന്നായിട്ടാണ് ഗുരു കണ്ടത്. ‘മതം വിശ്വാസം സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യനെ ഉത്തമമായ ആദർശനത്തിലേക്ക് നയിക്കുന്നതുമായിരിക്കണ’മെന്ന് നാരായണഗുരു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആത്മോപദേശ’ ശതകത്തിലൂടെ തത്വദർശനത്തിന്റേതായ ഏറ്റവും പുതിയൊരു സിദ്ധാന്തം തന്നെയാണ് ഗുരു അവതരിപ്പിച്ചത്. അവിടെ ആസ്തികവാദത്തെയും നാസ്തിക വാദത്തെയും ഒരുപോലെ ചോദ്യം ചെയ്യുകയും അതേസമയം അവയെ സമന്വയിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്ഷേത്രാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ നിലനിന്ന സമൂഹത്തിൽ ബിംബാരാധനയിൽ മുഴുകിയ സമൂഹം സ്വാഭാവികമായും ഉണ്ടായിരുന്നു. ദീർഘകാലമായി ഇത്തരമൊരു ചട്ടക്കൂടിനകത്തുനിന്ന് ജീവിതം നയിക്കുന്ന സമൂഹത്തെ അതിവേഗം മാറ്റിയെടുക്കുക അസാധ്യമായിരുന്നു. ഇവിടെയാണ് ശ്രീനാരായണ ഗുരു നടത്തിയ വിപ്ലവത്തിന്റെ പ്രായോഗിക ദർശനം പ്രസക്തമാകുന്നത്. യാഥാസ്ഥിതികവും വ്യവസ്ഥാപിതവുമായ ചിന്താഗതിയുള്ള സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക വലിയ വെല്ലുവിളിയായിരുന്നു. അന്നത്തെ സമൂഹം അവലംബിക്കുന്ന ചിന്തയ്ക്ക് അനുയോജ്യമായ സമാന്തര ദർശനങ്ങൾ കൊണ്ടുവന്നായിരുന്നു ഗുരു സമൂഹത്തിന്റെ ബോധമനസിൽ വൻ പരിവർത്തനമുണ്ടാക്കിയത്. 1888ലെ നാരായണ ഗുരുവിന്റെ പ്രവൃത്തി അതായിരുന്നു. അരുവിപ്പുറത്തെ ഒരു പൂഞ്ചോലയിൽ മുങ്ങിത്തപ്പി ശിലയെടുത്ത് ശിവലിംഗമായി പ്രതിഷ്ഠിച്ചു. ബ്രാഹ്മണ മേധവിത്വത്തിനെതിരെയുള്ള വെല്ലുവിളിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈഴവൻ ശിവ പ്രതിഷ്ഠ നടത്തിയതിനെതിരെ ചോദ്യശരങ്ങൾ സ്വാഭാവികമായും ഉയർന്നു. വലിയ തർക്കങ്ങൾക്ക് കാരണമായേക്കാവുന്ന ചോദ്യത്തെ ഏതൊരു ജനസാമാന്യത്തിനും ഉൾക്കൊള്ളാവുന്ന ചിന്തകൊണ്ടായിരുന്നു നാരായണ ഗുരു മറികടന്നത്. “ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്.” ഇതായിരുന്നു ആ ലളിതയുക്തി. ‘ശില’ എന്ന ഭൗതിക വസ്തുവിനെ മുൻനിർത്തി ദാർശനികമായ ചിന്താധാരയാണ് ഗുരു തുറന്നുവിട്ടത്. ഈ പ്രായോഗിക വീക്ഷണം വലിയൊരു വിഭാഗം ജനതയുടെ സ്വത്വബോധം ഉണർത്തി. അകറ്റിനിർത്തപ്പെട്ടവർ അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നു. നൂറ്റാണ്ടുകളോളം ക്രിസ്ത്യൻ മിഷണറിമാർ നടത്തിയ പ്രവൃത്തികളെപ്പോലും മറികടക്കുന്ന വിധം വിദ്യാഭ്യാസ രംഗത്ത് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇടപെടൽ നടത്തി. ഗുരുദർശനത്തിന്റെ വരവോടെയാണ് നമ്പൂതിരി സമുദായത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടായത്. വക്കം അബ്ദുൾ ഖാദർ മൗലവി നാരായണ ഗുരുവുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ചലനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ വഴിതുറന്നത് ഈ മഹാരഥന്മാർ തമ്മിലുള്ള അടുപ്പമാണ്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെയുള്ള ഗുരുവിന്റെ കാഴ്ചപ്പാടുകളായിരുന്നു കേരളത്തിന്റെ സമഗ്രമായ പരിവർത്തനത്തിലേക്ക് നയിച്ചത്. 

വിദ്യയിലൂടെ പ്രബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കുകയും വ്യവസായത്തിലൂടെ അഭിവൃദ്ധിയിലേക്ക് സമൂഹത്തെ നയിക്കാൻ കഴിയുമെന്ന ചിന്തയും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമായിരുന്നു. കേരളത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചുള്ള അസം സ്കൃത വസ്തുക്കളെ കണ്ടെത്തിയും അവയെ വൈദഗ്ധ്യവല്ക്കരണത്തിലൂടെ പുനഃസൃഷ്ടിക്കാനുള്ള ഉല്പാദനത്തിന് പ്രാമുഖ്യം കൊടുത്തുള്ള ദർശനം ഗുരുചിന്തയുടെ മൗലികമായ മറ്റൊരു അടയാളങ്ങളാണ്. ജാതിവ്യവസ്ഥയെ അതിന്റെ സൂക്ഷ്മതലത്തിൽ നിഷ്കാസനം ചെയ്യാൻ ഘട്ടം ഘട്ടമായുള്ള ചില സമീപനങ്ങളായിരുന്നു ഗുരു സ്വീകരിച്ചത്. തർക്കങ്ങൾക്ക് ഇടംകൊടുക്കാത്ത അനായാസമായ സഞ്ചാരമായിരുന്നു അത്. തർക്കത്തിലൂടെ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്നത് രണ്ട് വിഭാഗങ്ങളായിരിക്കുമെന്ന് ഗുരുവിനറിയാം. തർക്കങ്ങൾ പിന്നീട് വാദങ്ങളായി സ്ഥാപിക്കപ്പെടുകയും ചെയ്യും. എന്നാൽ ആത്മനിഷ്ഠമായ ബോധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുവഴി തർക്കത്തിന് പ്രസക്തിയില്ലാതാകുന്നു. 1924ൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ കവാടത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി; “വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്.” ഏവർക്കും മനസിലാകുന്ന ലളിതയുക്തിയിൽ മതങ്ങളെക്കാൾ ഉപരി മനുഷ്യനാണ് പ്രധാനം എന്ന് ഗുരു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. അരുവിപ്പുറത്തെ പ്രതിഷ്ഠയെ തുടർന്ന് ഗുരുവിന്റെ നേതൃത്വത്തിൽ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളുടെ സവിശേഷത ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു മനഃശാസ്ത്രപരമായ സമീപനം ഗുരു ഇവിടെയെല്ലാം സ്വീകരിക്കുന്നുണ്ട്. മൗലികമായി മനുഷ്യന് സംഘടിക്കാനുള്ള ഇടം എന്ന നിലയിലാണ് ഗുരുക്ഷേത്രത്തെ കണ്ടത്. ജാതിക്കും മതത്തിനും അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ക്ഷേത്ര മതിലിൽ ഗുരു സ്വന്തം കൈപ്പടയിലാണ് ജാതിഭേദം മതദ്വേഷം എന്നാരംഭിക്കുന്ന ആപ്തവാക്യം എഴുതിവച്ചത്. ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങൾ ഭൗതികമായ ഒരു ഇടം മാത്രമായിരുന്നു. സമൂഹത്തിന്റെ ബോധത്തിലും അബോധത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഒന്നായി ക്ഷേത്രം എന്ന സങ്കല്പത്തെ മാറ്റിയെടുത്തു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ ഇക്കാര്യം വെളിപ്പെടുത്തുന്നു. മാനവസമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നവിധം നവീന വിപ്ലവമാണ് ഗുരു നടത്തിയത്. മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷ്ഠ. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾക്ക് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്കായിരുന്നു. ചേർത്തലയ്ക്കടുത്ത് കളവംകോട് ക്ഷേത്രത്തിലും വൈക്കത്തെ ഉല്ലല ഓംകാര ക്ഷേത്രത്തിലും കണ്ണാടിയാണ് പ്രതിഷ്ഠ. ആലുവയിലാണെങ്കിൽ പ്രതിഷ്ഠതന്നെയില്ല.
ഇത്തരം വൈവിധ്യങ്ങൾ കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. മുദ്രാവാക്യങ്ങളും കെടാവിളക്കും കണ്ണാടിയുമെല്ലാം പ്രതിഷ്ഠിച്ചതിലൂടെ സമൂഹത്തിന്റെ ബോധമനസിലാണ് പരിവർത്തനങ്ങളുണ്ടായത്. പ്രതിഷ്ഠതന്നെയില്ലാത്ത ഒരു സങ്കല്പത്തിലൂടെ ഗുരു വ്യക്തമായ ഒരു സന്ദേശമാണ് നല്‍കിയത്. പരസ്പര സഹകരണത്തോടെ മുന്നോട്ടു സഞ്ചരിക്കാനുള്ള ഭൗതികമായ ബിംബങ്ങൾ മാത്രമാണ് ഇതെല്ലാം എന്നതായിരുന്നു സന്ദേശം. അധമ ചിന്തകളെയെല്ലാം സംസ്കരിച്ചെടുത്ത് ഒരു പുതിയ സഞ്ചാര പാതയിലേക്ക് സമൂഹത്തെ ആനയിക്കുകയായിരുന്നു. 1917ൽ അദ്ദേഹം ആഹ്വാനം ചെയ്തത് പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാനുമായിരുന്നു. ക്ഷേത്രാധിഷ്ഠിത സാമൂഹിക വ്യവസ്ഥ ഉണ്ടാക്കാൻ ഗുരു ഒരിക്കലും ശ്രമിച്ചില്ല. സമൂഹത്തെ അതിസൂക്ഷ്മമായി പഠിച്ചതിനുശേഷം കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന് അനുയോജ്യമായ സമഗ്ര ദർശനമാണ് ഗുരു മുന്നോട്ടുവച്ചത്. ഗുരുദർശനം ഒരു നിശ്ചിത കാലഘട്ടത്തിന്റെ ആവശ്യത്തെ മാത്രം നിറവേറ്റുന്നതായിരുന്നില്ല. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും നമ്മുടെ സാംസ്കാരിക പ്രയാണത്തിന് ഇന്നും അടിത്തറയായി നിലനില്‍ക്കുന്ന ദിശാസൂചകമാണത്. 

Exit mobile version