Site iconSite icon Janayugom Online

കട്ടായം…ഇന്ത്യയിലേക്കില്ല; ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി. ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ഔദ്യോഗിക പിന്മാറ്റം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്കെ­ത്തി­ല്ലെന്ന് ഇന്നലെ ബംഗ്ലാദേശ് വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ ഉലച്ചിലും സുരക്ഷാ ആശങ്കകളുമാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ബിസിബി അധികൃതരും താരങ്ങളും കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുളും നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ കടുത്ത തീരുമാനമെടുത്തത്. 

വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തെ പാകിസ്ഥാൻ മാത്രമാണ് പിന്തുണച്ചത്. മറ്റ് അംഗരാജ്യങ്ങളെല്ലാം ഇന്ത്യയിൽ ടൂർണമെന്റ് നടത്തുന്നതിനെ അനുകൂലിച്ചതോടെ ബംഗ്ലാദേശ് ഐസിസിയിൽ ഒറ്റപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കാൻ ഐസിസി നൽകിയ 24 മണിക്കൂർ സമയപരിധിക്കുള്ളിലും നിലപാടിൽ മാറ്റമില്ലെന്ന് ബിസിബി വ്യക്തമാക്കുകയായിരുന്നു. ‘ഞങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്താണ് യോഗ്യത നേടിയത്. എന്നാൽ ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറിയിട്ടില്ല. ശ്രീലങ്കയിൽ കളിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഐസിസി നീതി നടപ്പാക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു’ — ആസിഫ് നസ്റുള്‍ പറഞ്ഞു. ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി. ബംഗ്ലാദേശ് പിന്മാറിയതോടെ ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തും. റാങ്കിങ് അടിസ്ഥാനമാക്കിയാണ് സ്കോട്ട്‌ലൻഡിന് ലോകകപ്പിലേക്ക് വഴിതുറന്നത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്ന സ്ഥാനത്താകും സ്കോട്ട്‌ലൻഡ് കളിക്കുക. ഇതോടെ സാമ്പത്തിക തകർച്ച, ഐസിസിയുടെ നടപടികളും സസ്പെ­ൻഷനും, താരങ്ങളുടെ കരിയർ പ്രതിസന്ധിയിൽ, ഗ്ലോബൽ ലീഗുകളിൽ വിലക്ക്, അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുക തുടങ്ങിയവാണ് ബംഗ്ലാദേശ് നേരിടാൻ പോകുന്ന പ്രധാന തിരിച്ചടികൾ.

Exit mobile version