Site iconSite icon Janayugom Online

നോട്ട പിടിച്ചെടുത്തത് എട്ടുലക്ഷം വോട്ടുകള്‍

notanota

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ സ്ഥാനാര്‍ത്ഥികളെ നിരാകരിച്ചുകൊണ്ടുള്ള ‘നോട്ട’ പിടിച്ചെടുത്തത് എട്ടുലക്ഷം വോട്ടുകള്‍. നിലവിലെ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും താല്പര്യമില്ലാത്തവരാണ് തങ്ങളുടെ വോട്ടവകാശം ‘നോട്ട’യിൽ വിനിയോ​ഗിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലായി 7,99,302.വോട്ടർമാർ ആണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്.

മണിപ്പൂരിൽ 10,349 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തു. മൊത്തം പോളിങ് ശതമാനത്തിന്റെ 0.6 ശതമാനം വരും ഇത്. ഗോവയിൽ 10,629 വോട്ടർമാരും (1.1 ശതമാനം) നോട്ട ഉപയോഗിച്ചു. 403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 6,21,186 വോട്ടർമാർ നോട്ട ഉപയോഗപ്പെടുത്തി. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 0.7 ശതമാനം വരും ഇത്. ഉത്തരാഖണ്ഡിൽ 46,830 പേരാണ് നോട്ട തിരഞ്ഞെടുത്തത്. 0.9 ശതമാനം പേര്‍. ആം ആദ്മി പാർട്ടി വലിയ വിജയം നേടിയ പഞ്ചാബിൽ 1,10,308 വോട്ടർമാരാണ് സ്ഥാനാർത്ഥികളെയെല്ലാം തള്ളിക്കളഞ്ഞ് നോട്ട തെരഞ്ഞെടുത്തത്. ഇത് പോൾ ചെയ്ത വോട്ടിന്റെ 0.9 ശതമാനം വരും.

2013ൽ ആയിരുന്നു വോട്ടിങ് മെഷീനിൽ നോട്ട കൂടി ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിർദേശിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പ് മുതലാണ് രാജ്യത്ത് നോട്ട ഏർപ്പെടുത്തത്. അമേരിക്ക, ഇന്തോനേഷ്യ, സ്പെയ്ൻ, ​ഗ്രീസ്, ഉക്രെയ്ൻ, റഷ്യ, ബം​ഗ്ലാദേശ് തുടങ്ങിയ 13 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഇത്തരം സംവിധാനം നിലവിലുണ്ട്.

Eng­lish Sum­ma­ry: Nota cap­tured eight lakh votes

You may like this video also

Exit mobile version