Site iconSite icon Janayugom Online

പ്രതീക്ഷയുടെ താള്‍ തുറന്ന് നോട്ട്ബുക്ക് നിർമാണ മേഖല

കോവിഡ് വ്യാപനത്തെ തുടർന്നു പുറംചട്ടയ്ക്കുള്ളിൽ അടഞ്ഞുപോയ തൃശൂർ കുന്നംകുളത്തെ പരമ്പരാഗത നോട്ടുബുക്കു നിർമാണ മേഖല പ്രതീക്ഷയുടെ തുറന്ന താളുകളിലേക്ക്. സ്ക്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുന്നംകുളത്തെ നോട്ട്ബുക്ക് നിർമ്മാണകേന്ദ്രങ്ങളിൽ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. കഴിഞ്ഞ അധ്യയന വർഷം സ്ക്കൂളുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും കോവിഡ് വരുത്തിവെച്ച നഷ്ടം മുന്നിൽകണ്ടും മുമ്പ് നിർമ്മിച്ച ബുക്കുകൾ കടകളിൽ സ്റ്റോക്കുള്ളതിനാലും ആനുപാതികമായ നോട്ട് ബുക്ക് നിർമ്മാണം മാത്രമാണ് നടന്നത്. എന്നാൽ ഇത്തവണ സ്ക്കൂൾ വിപണിയെ വരവേൽക്കാൻ കുന്നംകുളത്തെ നോട്ട്ബുക്ക് നിർമ്മാണ മേഖല നേരത്തെ സജ്ജമായി. 

കൺസ്യൂമർ ഫെഡിന്റെ ത്രിവേണി ഉൾപ്പെടെ ചെറുതും വലുതുമായ 150ഓളം നോട്ടു ബുക്ക് നിർമ്മാണ യൂണിറ്റുകളാണു കുന്നംകുളം മേഖലയിലുള്ളത്. കുത്തക ബ്രാൻഡുകൾക്കിടയിലും തളരാത്ത തദ്ദേശീയ നോട്ട് ബുക്ക് വ്യവസായത്തിൽ ബുക്കുകളുടെ ഗുണമേന്മയും വിലക്കുറവുമാണ് പ്രത്യേകത. വിവിധ സ്കൂളുകൾ, കോളേജുകൾ, സർക്കാർ/സഹകരണ സ്ഥാപനങ്ങൾ എന്നിവ ആവശ്യപ്പെടുന്ന ബ്രാൻഡിംഗിൽ നോട്ട്ബുക്കുകൾ അച്ചടിച്ചു നൽകും. ത്രിവേണി സ്റ്റേഷനറി ഡിവിഷൻ വഴി പ്രതിവർഷം 50 ലക്ഷത്തോളം നോട്ട്ബുക്കുകളാണ് ഇവിടെ നിർമ്മിച്ച് വില്പന നടത്തുന്നത്. ഇതിന് അനുപാതികമാണ് മറ്റു യൂണിറ്റുകളിലെയും ഉല്പാദനം. 

ഡിസംബർ മുതൽ മേയ് വരെയുള്ള സീസണിലാണ് നോട്ട്ബുക്ക് നിർമ്മാണം കൂടുതലായും നടക്കുന്നത്. പേപ്പറിനും അനുബന്ധ സാമഗ്രികൾക്കും വില കുത്തനെ ഉയർന്നതോടെ നോട്ട്ബുക്ക് അച്ചടി വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയാണ് നേരിടന്നത്. പേപ്പറിന് വിപണിയിൽ വില വർധിച്ചതിനാൽ ബുക്കുകളുടെ വില 10 മുതൽ 15 രൂപ വരെ കൂടി. 30 രൂപ മുതൽ 80 രൂപ വരെയുള്ള നോട്ട് ബുക്കുകൾ ലഭ്യമാണ്. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം കേരളത്തിനു പുറത്തുനിന്നാണ് എത്തുന്നത്. കൽക്കരി ക്ഷാമം മൂലം ആന്ധ്രയിലെയും കർണാടകയിലെയും പേപ്പർ നിർമാണ യൂണിറ്റുകൾ പ്രതിസന്ധിയിലാണ്. ഡീസൽ വിലവർധനവു മൂലം പേപ്പറും മറ്റു സാധനങ്ങളും എത്തിക്കുന്നതിനും ചെലവേറിയതായി കുന്നംകുളത്തെ നോട്ട്ബുക്ക് നിർമ്മാതാക്കൾ പറയുന്നു. 

ഓഫ്സെറ്റ് പ്രിന്റിംഗിന്റെയും ബൈൻഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് ഈ മേഖലയെ പലരും കൈയൊഴിയുകയാണ്. കൊവിഡ് കാലത്ത് ഇലക്ട്രോണിക് സമൂഹമാധ്യമങ്ങൾ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾക്ക് ഈ വിലവർധന താങ്ങാവുന്നതിനുമപ്പുറമാണ്. ചെറുകിട പ്രസുകാർ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യവുമുണ്ട്. കടലാസ് ഇറക്കുമതി വർധിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പേപ്പറുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തണമെന്നും ജിഎസ്‌ടി നിരക്ക് കുറക്കണമെന്നും ആവശ്യമുണ്ട്. 

Eng­lish Summary;notebook man­u­fac­tur­ing sector
You may also like this video

Exit mobile version