Site iconSite icon Janayugom Online

നഷ്ടബാല്യത്തിന് പകരം ഒന്നുമാവില്ല; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി നഷ്ടപരിഹാരം

അപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ ബാലന് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോർ വാഹന ട്രിബ്യൂണൽ 44.94 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെ 84.87 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ കാരിയ്ക്കൽ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. അഞ്ചാം വയസ്സിലാണ് കുട്ടിയ്ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തിനു ശേഷം കുട്ടിയുടെ ബാല്യകാലം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ഇൻഷുറൻസ് തുക ഹൈക്കോടതി വർധിപ്പിച്ചത്. ഈ തുക നൽകുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകണമെന്നും ജസ്റ്റിസ് എസ് ഈശ്വരന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടതിനെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നുകാട്ടി കുട്ടിയുടെ അച്ഛൻ രാജേഷും അപ്പീൽ നൽകിയിരുന്നു. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അപകടത്തിൽ കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടായെന്നാണ് പറയുന്നത്. എന്നാൽ കുട്ടിയ്ക്ക് 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഹൈക്കോടതി ഉയർന്ന തുക അനുവദിച്ചത്. 

കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് രണ്ടുപേർക്കായി 37.80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അപകടം മൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപയും അനുവദിച്ചു. ഭാവിചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. 2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ജ്യോതിസ് രാജിന് അഞ്ചു വയസ് മാത്രമാണ് പ്രായമുണ്ടായത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ കുട്ടിയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. 

Exit mobile version