Site iconSite icon Janayugom Online

മുസാഫര്‍ നഗറില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ചവര്‍ക്ക് നോട്ടീസ്

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരേ കറുത്ത ബാഡ്ജ് ധരിച്ചവര്‍ക്ക് നോട്ടീസ്. പ്രതിഷേധത്തേക്കുറിച്ച് വിശദീകരിക്കണമെന്നും രണ്ടു ലക്ഷംരൂപ ബോണ്ട് നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഒരു വര്‍ഷം ഇവര്‍ സംഘര്‍ഷങ്ങളിലൊന്നും ഏര്‍പ്പെടില്ലെന്ന ഉറപ്പുനല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ് ദിവസവും വെള്ളിയാഴ്ചയും മുസ്‌ലിം പള്ളിയില്‍ നടന്ന പ്രാര്‍ഥനാസമയത്ത് കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിച്ച മുന്നൂറോളംപേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരോട് ഏപ്രില്‍ 16‑ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപാണ് നോട്ടീസ് നല്‍കിയത്. സാധാരണ നല്‍കുന്ന നോട്ടീസ് ആണിതെന്നാണ് പോലീസും സിറ്റി മജിസ്ട്രേട്ടും പറയുന്നത്. വിശദീകരണം തൃപ്തികരമാണെങ്കില്‍ ഒരു നടപടിയും എടുക്കില്ലെന്ന് പൊലീസും മജിസ്ട്രേറ്റും വ്യക്തമാക്കി. 2019‑ല്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നോട്ടീസ്. അതേസമയം, മുസ്‌ലിം സഭ എടുത്ത തീരുമാന പ്രകാരം കയ്യില്‍ കറുത്ത ബാന്‍ഡ് ധരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് നോട്ടീസ് ലഭിച്ചവരുടെ വിശദീകരണം. 

Exit mobile version