സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കിയ ആളുകള്‍ക്കൊപ്പം ശിവലിംഗവുമെത്തി. ഛത്തീസ്ഗഡിലെ റായ്ഗഡിലാണ് സംഭവം. ഉന്തുവണ്ടിയിലാണ് ശിവലിംഗത്തെ പ്രദേശവാസികള്‍ എത്തിച്ചത്. കേസില്‍ തഹസില്‍ കോടതി കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് നോട്ടീസ് അയച്ചിരുന്നു. കേസ് വിചാരണയ്ക്കായി നോട്ടീസ് ലഭിച്ചവരെല്ലാം കോടതിയിലെത്തണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ശിവലിംഗത്തെയും ആളുകള്‍ കോടതിയില്‍ എത്തിച്ചത്.
അതേസമയം ഉദ്യോഗസ്ഥരില്ലാത്തതിനാൽ കേസില്‍ വാദം കേള്‍ക്കല്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും ഹാജരാകേണ്ട തീയതി ഏപ്രിൽ 13ലേക്ക് നിശ്ചയിച്ചതായും റിപ്പോർട്ടുണ്ട്. ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സുധ രാജ്‌വാഡെ സമർപ്പിച്ച ഹർജിയ്ക്ക് പിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്. ശിവക്ഷേത്രം ഉൾപ്പെടെ 16 പേർ സർക്കാർ സ്വത്ത് അതിക്രമിച്ചുകയറിയതായി സുധ രാജ്‌വാഡെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണം നടക്കുന്നുണ്ടെന്ന് രാജ്‌വാഡെ ഹര്‍ജിയില്‍ പറയുന്നു. പ്രസ്തുത സർക്കാർ ഭൂമിയിൽ ഇനി ഒരു അനധികൃത നിർമ്മാണവും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷനോട് 2022 ഫെബ്രുവരി 14 ന് നിർദ്ദേശിച്ചിരുന്നു. കൈയേറ്റം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങൾ അധികൃതർ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇതിന് മറുപടിയായി തഹസിൽ കോടതി പ്രസ്തുത ഭൂമി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും കൈയേറ്റ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് ക്ഷേത്രം ഉൾപ്പെടെ പത്ത് പേർക്ക് ഇന്ന് കോടതിയിൽ ഹാജരാകാൻ തഹസിൽദാർ കോടതി സമൻസ് അയച്ചു. ഹിയറിങ്ങിൽ ഹാജരായില്ലെങ്കിൽ 10,000 രൂപ പിഴയും പരിസരത്ത് നിന്ന് ഒഴിപ്പിക്കലും ഉണ്ടാകുമെന്നും തഹസിൽദാർ നോട്ടീസിൽ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രദേശവാസികള്‍ ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം പിഴുതെടുത്ത് കോടതിയിലെത്തിച്ചത്.
English Summary: Notice to the temple: Shivalingam finally in court
You may like this video also