Site iconSite icon Janayugom Online

കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡര്‍ സുനിലും കൂട്ടാളിയും പിടിയില്‍

കായംകുളത്ത് വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കൃഷ്ണപുരം കാപ്പില്‍ സ്വദേശി ‘സ്‌പൈഡര്‍ സുനിലും കൂട്ടാളിയും പിടിയില്‍. സ്‌പൈഡര്‍ സുനില്‍ എന്നറിയപ്പെടുന്ന സുനിലും ഇയാളുടെ കൂട്ടാളി പത്തിയൂര്‍ എരുവ സ്വദേശി സഫറുദ്ദീനുമാണ് പിടിയിലായത്. ജൂണ്‍ 25ന് പുലര്‍ച്ചെയാണ് കായംകുളം ഞക്കനാലില്‍ കറുകത്തറ ബഷീറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ച കേസിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടുടമസ്ഥനായ ബഷീര്‍ ചികിത്സക്കായി ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. കമ്പിപ്പാര ഉപയോഗിച്ചാണ് പ്രധാന വാതില്‍ പൊളിച്ചത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു .സുനില്‍ മോഷ്ടിക്കുന്ന സ്വര്‍ണം വില്‍ക്കുന്നത് രണ്ടാം പ്രതിയായ സഫറാണ്. ഓച്ചിറ, കായംകുളം, വള്ളികുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത് ഇവരാണെന്നു പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചപ്പോള്‍ സുനിലിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31ഓളം വാഹന മോഷണ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സ്‌പൈഡര്‍ സുനില്‍. മോഷ്ടിക്കുന്ന സ്വര്‍ണം സഫറുദ്ദീന്‍ വഴി കായംകുളത്തെ ജ്വല്ലറികളില്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയാണ് സുനില്‍ ചെയ്യുന്നത്. പകല്‍ സമയത്ത് ബൈക്കില്‍ സഞ്ചരിച്ച് ആളില്ലാത്ത വീടുകള്‍ നോക്കിവച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് സ്‌പൈഡര്‍ സുനിലിന്റെ രീതി. ഓച്ചിറയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നടന്ന വീട് കുത്തിത്തുറന്നുള്ള മോഷണങ്ങള്‍ പൊലീസിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

Eng­lish sum­ma­ry; Noto­ri­ous thief Spi­der Sunil and his accom­plice arrested

You may also like this video;

Exit mobile version