Site iconSite icon Janayugom Online

ട്രെയിനുകളില്‍ ഇനി 360 ഡിഗ്രി സിസിടിവി കാമറ

യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ റെയില്‍വേയുടെ തീരുമാനം. പാസഞ്ചര്‍ കോച്ചുകളില്‍ സിസിടിവി കാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്ത് വാതിലുകള്‍ക്ക് സമീപമായാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കുകയെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി കാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളില്‍ ആറ് കാമറകളും സ്ഥാപിക്കും. ഇന്ന് നടന്ന റെയില്‍വേ യോഗത്തിലാണ് തീരുമാനം. 

രാജ്യമെമ്പാടും പദ്ധതി നടപ്പിലാക്കും.360 ഡിഗ്രി കാമറയാണ് ട്രെയിനുകളില്‍ സ്ഥാപിക്കുന്നത്. 74,000 കോച്ചുകളിലും 15,000 ലോക്കോ മോട്ടീവുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രി അനുമതി നല്‍കിയിരിക്കുന്നത്. ഓരോ റെയില്‍വേ കോച്ചിലും നാല് ഡോം സിസിടിവി കാമറകള്‍ ഉണ്ടായിരിക്കും. ഓരോ പ്രവേശന വഴിയിലും രണ്ട് വീതവും ഓരോ എഞ്ചിനിലും ആറ് സിസിടിവി കാമറകളും ഉണ്ടായിരിക്കും. ഇതില്‍ എഞ്ചിന്റെ മുന്‍വശത്തും പിന്‍വശത്തും ഇരുവശത്തുമായി ഓരോ കാമറയും ഉണ്ടായിരിക്കും. സിസിടിവി കാമറകള്‍ക്ക് ഏറ്റവും പുതിയ സ്‌പെസിഫിക്കേഷനുകള്‍ ഉണ്ടായിരിക്കുമെന്നും മികച്ച നിലവാരത്തെ സൂചിപ്പിക്കുന്ന എസ്ടിക്യൂസി സര്‍ട്ടിഫൈഡ് ആയിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Exit mobile version