Site iconSite icon Janayugom Online

ഇനി ടെസ്റ്റിലും പണക്കൊയ്ത്ത്; ചരിത്ര തീരുമാനം നടപ്പിലാക്കി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റിന്റെ പങ്കാളിത്തമുയര്‍ത്തുന്നതിന്റെ ഭാഗമായി ചരിത്രതീരുമാനം നടപ്പിലാക്കി ബിസിസിഐ. റെഡ് ബോള്‍ ക്രിക്കറ്റില്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ ആണ് ബിസിസിഐ തുടക്കമിട്ടിരിക്കുന്നത്.
സീനിയര്‍ പുരുഷ ടീമിലാണ് നിലവില്‍ സ്‌കീം നടപ്പിലാക്കുന്നത്. നിലവില്‍ ലഭിക്കുന്ന മാച്ച്‌ ഫീയ്ക്ക് പുറമെ ലഭിക്കുന്ന അധിക പ്രോത്സാഹനമെന്ന നിലയിലാണ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. 

പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണില്‍ 75 ശതമാനത്തിലധികം ടെസ്റ്റുകള്‍ കളിക്കുന്ന കളിക്കാര്‍ക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 45 ലക്ഷം രൂപ അധികമായി ലഭിക്കും. പ്ലെയിങ് ഇലവനില്‍ ഇല്ലാത്തവര്‍ക്കും ഒരു മത്സരത്തിന് 22.5 ലക്ഷം രൂപ അധിക മാച്ച് ഫീ ആയി ലഭിക്കും. ഈ സീസണ്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. പദ്ധതിക്കായി ഓരോ സീസണിലും 40 കോടി രൂപ അധികമായി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. നിലവില്‍ 15 ലക്ഷം രൂപ വരെയാണ് ഒരു താരത്തിന് ടെസ്റ്റ് കളിച്ചാല്‍ ലഭിക്കുന്നത്. 

ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്ക് താരങ്ങള്‍ പ്രാധാന്യം നല്‍കുകയും ആഭ്യന്തര മത്സരങ്ങള്‍ പലരും ഒഴിവാക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ പുതിയ മാറ്റം. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതെ പല താരങ്ങളും ഐപിഎല്ലിനായി തയ്യാറാകുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പദ്ധതിയുമായിയെത്തിയത്. ഇതോടെ ഐപിഎല്ലിനു പുറമേ ടെസ്റ്റ് കളിക്കുന്നവര്‍ക്കും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമിടുന്നത്. 

Eng­lish Summary:Now col­lect­ing mon­ey in test too; BCCI imple­ment­ed the his­toric decision
You may also like this video

Exit mobile version