Site iconSite icon Janayugom Online

ഇനി സിനിമാക്കാലം

ഇനി ഏഴുനാള്‍ അനന്തപുരിയുടെ മുറ്റത്ത് ചുറ്റിത്തിരിയുക കഴുത്തില്‍ ഐഡി കാര്‍ഡും തൂക്കി തോളില്‍ തുണി സഞ്ചിയുമായി സിനിമയെ സ്നേഹിക്കുന്ന യുവതലമുറയും മുതിര്‍ന്നവരും ചലച്ചിത്ര പ്രവര്‍ത്തകരുമൊക്കെയായിരിക്കും. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‍കെ) ഇന്നുമുതല്‍ 20 വരെ തലസ്ഥാന നഗരത്തിലെ 15 തിയേറ്ററുകളിലായാണ് നടക്കുന്നത്. 13,000ൽപ്പരം ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവർത്തകരും മേളയ്ക്കെത്തും. മധ്യ, വടക്കൻ ജില്ലകളിലുള്ളവര്‍ ഇന്നലെത്തന്നെ തലസ്ഥാനത്തെത്തി. ശേഷിക്കുന്ന ഡെലിഗേറ്റുകള്‍ ഇന്ന് തലസ്ഥാനത്തെത്തും. ഡെലിഗേറ്റുകളില്‍ ഭൂരിഭാഗം പേരും പാസുകള്‍ വാങ്ങി. 

പ്രധാന വേദി വഴുതക്കാട് ടാഗോര്‍ തിയേറ്ററാണ്. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്കഷൻ എന്നിവയും ഉണ്ടാകും. തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കേണ്ടതില്ല. ഡെലിഗേറ്റുകൾക്കായി പ്രദർശനവേദികളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ രണ്ട് ഇ ബസുകൾ സൗജന്യ സർവീസ് നടത്തും.

Exit mobile version