Site iconSite icon Janayugom Online

നിങ്ങളറിഞ്ഞോ? ഇനി പെട്രോൾ പമ്പിൽ കാർ നന്നാക്കാം; കൈകോർത്ത് ഇന്ത്യൻ ഓയിലും മാരുതി സുസുക്കിയും

നിങ്ങളറിഞ്ഞോ? ഇനി പെട്രോൾ പമ്പിൽ കാർ നന്നാക്കാം…കേട്ടപ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ? എങ്കില്‍ അത്ഭുതപ്പെടേണ്ട,
രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ വാഹന സർവീസിങ് സാധ്യമാക്കാനുള്ള നീക്കവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷ(ഐഓസിഎൽ)നും മാരുതി സുസുക്കിയും. രണ്ടുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഓയിൽ ഔട്ട്ലെറ്റുകളിൽ മാരുതി സുസുക്കി സർവീസ് പോയിന്റുകൾ സ്ഥാപിക്കും. വിൽപ്പനാനന്തര സേവനം വിപുലീകരിക്കാനാണ് ഇന്ത്യൻ ഓയിലുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാരുതി സുസുക്കി പറയുന്നു. വർക്ക്ഷോപ്പുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ വാഹനം ഉപയോഗിക്കുന്നവർക്ക് ഈ സംരംഭം പ്രയോജനപ്പെടും. വാഹനങ്ങളുടെ പതിവ് പരിപാലനം, ചെറിയ അറ്റകുറ്റപ്പണികൾ, സർവീസുകൾ എന്നിവയെല്ലാം ഇന്ധന സ്‌റ്റേഷനുകളിലെ സർവീസ് സെന്ററുകളിൽ ലഭിക്കും. സംരംഭം മാരുതി സുസുക്കിയുടെ സർവീസ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും. നിലവിൽ ഇന്ത്യയിലെ 2,882 നഗരങ്ങളിലായി 5,780‑ൽ അധികം സർവീസ് പോയിന്റുകളാണ് മാരുതി സുസുക്കിക്കുള്ളത്.

കാർ സർവീസിങ് കഴിയുന്നത്ര എളുപ്പവും സൗകര്യപ്രദവുമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഓഫീസർ (സർവീസ്) റാം സുരേഷ് അക്കേല മാധ്യമങ്ങളോട് പറഞ്ഞു. വാഹന ഉപയോക്താക്കൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്ക് വിൽപ്പനാനന്തര സേവനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലുടനീളമുള്ള 41,000‑ൽ അധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖല ഉപയോഗിച്ച് ഉപഭോക്താക്കളിലേക്ക് അവശ്യ സേവനങ്ങൾ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയുടെ പാസഞ്ചർ വാഹന വിപണിയിലെ മുൻനിര നിർമാണക്കമ്പനിയാണ് മാരുതി സുസുക്കി. അവരുടെ ലക്ഷക്കണക്കിന് കാറുകൾ നിരത്തിലിറങ്ങുന്നുണ്ട്. ഈ കൂട്ടുകെട്ട് രാജ്യത്തെ വാഹന ഉപയോക്താക്കളുടെ വലിയൊരു വിഭാഗത്തിന് സർവീസ് സൗകര്യങ്ങൾ ലഭ്യമാകുന്നത് അനായാസമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version