ഓഫിസുകളിൽ ടിഫിന്‍ ബോക്സുകളില്‍ സ്വാദിഷ്ടമായ ഉച്ചഭക്ഷണം എത്തിക്കുന്നതിന് ‘ലഞ്ച് ബെല്‍’ പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനം വഴിയാണ് ഭക്ഷണം ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുക. തിരുവനന്തപുരം ജില്ലയില്‍ നഗരപരിധിയിലാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനായി ആരംഭിച്ച ജനകീയ ഹോട്ടല്‍, കാന്റീനുകള്‍, പ്രീമിയം കഫേ എന്നിവ വഴി സാധാരണക്കാരുടെ ഭക്ഷണത്തിന്റെ പര്യായമായി മാറിയ കുടുംബശ്രീ ലഞ്ച് ബെല്‍ എന്ന സംരംഭത്തിലൂടെ ഒരു പടി കൂടി മുന്നോട്ട് നീങ്ങുകയാണ്.
ഉപഭോക്താക്കള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം സ്റ്റീല്‍ ചോറ്റ് പാത്രങ്ങളില്‍ ഭക്ഷണം എത്തിക്കുന്നു എന്നതാണ് ഈ പദ്ധതിയെ മറ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കുടുംബശ്രീ ഓണ്‍ലൈന്‍ ടിഫിന്‍ സംവിധാനത്തില്‍ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി ബജറ്റ് മീലും പ്രീമിയം മീലും സാലഡും ആദ്യഘട്ടത്തില്‍ ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ പ്രഭാത ഭക്ഷണം മുതല്‍ ഡിന്നര്‍ വരെ നല്‍കും. ഓര്‍ഡറുകള്‍ പ്രീ ബുക്കിങ് മുഖേനയാണ് നല്‍കേണ്ടത്. ഉപഭോക്താക്കള്‍ക്ക് ഓഫിസ് പ്രവൃത്തി ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തേക്ക് വരെ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനും സൗകര്യമുണ്ടായിരിക്കും.
സെന്‍ട്രല്‍ കിച്ചണില്‍ നിന്നും ഭക്ഷണം ലഞ്ച് ബോക്സുകളില്‍ ആയിരിക്കും ഉപഭോക്താവിന് എത്തിക്കുക. അതാത് ദിവസം ഡെലിവറി സ്റ്റാഫുകള്‍ തിരികെ ശേഖരിക്കുന്ന ടിഫിന്‍ ബോക്സുകള്‍ മൂന്ന് ഘട്ട ഹൈജീന്‍ വൃത്തിയാക്കലിന് വിധേയമാക്കും. യൂണിറ്റിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഫുഡ് പ്രൊഡക്ഷന്‍ ആന്റ് ട്രെയിനിങ് സെക്ടറില്‍ പ്രാവീണ്യമുള്ള ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരിക്കും കിച്ചണ്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഫുഡ് ഡെലിവറി ചെയ്യുന്നത് പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരാണ്. തിരുവനന്തപുരം പരുത്തിപ്പാറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രുതി കാറ്ററിങ് യൂണിറ്റ് എന്ന കുടുംബശ്രീ സംരംഭമാണ് നിലവിൽ പദ്ധതിയുടെ സെൻട്രൽ കിച്ചണ്‍ ആയി പ്രവർത്തിക്കുന്നത്. പത്തോളം കുടുംബശ്രീ വനിതകള്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പരിശീലനം പൂർത്തിയാക്കി. മാര്‍ച്ച് മാസത്തോടെ ലഞ്ച് ബെല്‍ ഭക്ഷണ വിതരണം ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് പദ്ധതി വിജയമായാല്‍ പിന്നാലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പോക്കറ്റ് മാര്‍ട്ട് എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.
English Summary:Now ‘Lunch Bell’ to deliver lunch to offices
You may also like this video