Site iconSite icon Janayugom Online

ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യുആർ കോഡും മാത്രം; അറിയാം

ആധാർ കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഉടൻ തന്നെ അതിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്ന് റിപ്പോര്‍ട്ട്. പുതിയ ആധാർ കാർഡ് ആളുടെ പേരും വിലാസവും അടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാര്‍ നമ്പറും ഇല്ലാത്തതും ഫോട്ടോയും ക്യുആർ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്നതുമായിരിക്കും എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് കാര്‍ഡില്‍ പരിഷ്‌കാരത്തിന് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2025 ഡിസംബര്‍ മാസം ആധാര്‍ മാറ്റങ്ങള്‍ നിലവില്‍ വരും.

ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുന്നു
വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈൻ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനുമായി ആധാര്‍ ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമുള്ള ആധാർ കാർഡുകൾ വിതരണം ചെയ്യുന്നത് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലുകൾ, ഇവന്‍റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ഓഫ്‌ലൈൻ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനും വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആധാർ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി ഡിസംബറിൽ പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നതായി ഒരു കോൺഫറൻസിൽ സംസാരിച്ച യുഐഡിഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഭുവനേഷ് കുമാർ പറഞ്ഞു.

ആധാർ കാർഡിൽ ഒരു ഫോട്ടോയും ക്യുആർ കോഡും മാത്രം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭുവനേഷ് കുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പ്രിന്‍റ് ചെയ്‌താൽ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നും അദേഹം പറഞ്ഞു. ഇതിനർഥം ആധാർ കാർഡിൽ ഇനി നിങ്ങളുടെ ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ എന്നാണ്. നിങ്ങളുടെ മറ്റെല്ലാ വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കും.

Exit mobile version