Site iconSite icon Janayugom Online

ഇനി ഓര്‍ഡിനന്‍സ് രാജ്

ജനാധിപത്യത്തില്‍ സര്‍ക്കാരും ജനങ്ങളും അന്യോന്യം തോല്പിക്കാന്‍ മത്സരിക്കുന്നവരല്ല. ആവുകയുമരുത്. മൂന്നു കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാര്‍, കഴിഞ്ഞ നവംബര്‍ 19ന് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇതാണോര്‍ക്കാനാവുന്നത്. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ മോഡിക്ക് 19 ചര്‍ച്ചകളും പരാജയപ്പെടേണ്ടിവന്നു. അതിനുകാരണം കര്‍ഷകസ്നേഹമോ ജനസ്നേഹമോ അല്ല. വരാന്‍പോകുന്ന സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പുകളുടെ ദുരന്തത്തെക്കുറിച്ച് ആധികാരിക സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അത്. ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെക്കുറിച്ചും അതിന്റെ ദേശീയ നഷ്ടത്തെക്കുറിച്ചും കര്‍ഷകരുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ശാന്തനായി അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചപ്പോള്‍ പല മാനസിക സംഘര്‍ഷങ്ങളിലുമായിരുന്നു അദ്ദേഹം എന്നു മനസിലായി. കര്‍ഷകരോട് തോല്ക്കേണ്ടിവന്നതിന്റെ ജാള്യം. ഇത് തോല്‍വിയല്ല, വൈകിവന്ന വിവേകമാണെന്നറിയാന്‍ കഴിയുമ്പോള്‍ ഒരു പൗരന്റെ ദുഃഖമായിരുന്നു എനിക്ക്.

പ്രസ്താവന കേട്ടയുടനെ സകലതും മറന്ന് കൂടാരങ്ങള്‍ പൊളിച്ച് രക്ഷപ്പെടുകയായിരുന്നില്ല കര്‍ഷകര്‍. അവര്‍ക്കിനിയും അങ്കത്തിന് ബാല്യമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ ഇനിയും ബാക്കിയാണ്. ബില്ലുകള്‍ അതിന്റെ ചെറിയൊരംശം മാത്രമാണ്. സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിക്കയച്ച കത്തില്‍ അതുണ്ട്. കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവിന്റെ 50 ശതമാനം എംഎസ്‌‌പി, തലസ്ഥാനത്തെ വായുമലിനീകരണ നിയമത്തില്‍ കര്‍ഷകര്‍ക്ക് ശിക്ഷ നല്കാനുള്ള തീരുമാനം എന്നിവയുടെ കാര്യത്തിലൊന്നും യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ല. കര്‍ഷക സംഘടനകള്‍ ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. അതിനുപുറമെയാണ് ജൂണ്‍ 2020 മുതല്‍ നൂറുകണക്കിനു കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍. ഇതു പിന്‍വലിക്കണം. ഏതാണ്ട് 750 കര്‍ഷകര്‍ സമരകാലത്ത് രക്തസാക്ഷികളായിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും വേണം.

 


ഇതുകൂടി വായിക്കൂ: ഐതിഹാസികമായ കര്‍ഷക സമരം


 

അങ്ങനെ നോക്കുമ്പോള്‍ സമരം തീര്‍ന്നിട്ടില്ല. ഇത് കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയെ താക്കീത് രൂപത്തില്‍ അറിയിച്ചിട്ടുണ്ട്. അത് കൊണ്ടുനടക്കാനാവശ്യമായ യാഥാര്‍ത്ഥ്യബോധവും രാഷ്ട്രീയ ബോധവും വര്‍ഗദൃഢതയും അവര്‍ക്കുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ സൂക്ഷ്മമായി നോക്കുന്നവര്‍ക്ക് ഇത് തരുന്ന ചില ദിശാസൂചനകളുണ്ട്. ഏകാത്മക കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായ പൗരബോധം ഉരുത്തിരിയുകമാത്രമല്ല, അതിനെ ദേ­ശീയ രാഷ്ട്രീയത്തില്‍ ഒരു ചാലകശക്തിയാക്കാന്‍ കഴിയുമെന്നുമുള്ളതാണ് ഈ ഒരു വര്‍ഗ സമരത്തിന്റെ ‘എമേര്‍ജിങ് ലെസന്‍’. കര്‍ഷകര്‍ സമരവും ജീവിതവും ഏകാത്മകമാക്കി അവര്‍ക്കിടയിലെ വിഭജനങ്ങള്‍ മായ്ച്ചുകളഞ്ഞു.

കോര്‍പറേറ്റുകളുടെ ശക്തി എത്രയൊക്കെയായാലും അവരോടൊത്ത് സര്‍ക്കാര്‍ എത്രയൊക്കെ ഓരം ചേര്‍ന്നാലും ജീവിതത്തിന്റെയും നീതിയുടെയും പ്രശ്നങ്ങളില്‍ ശക്തമായി എതിര്‍ക്കാനാവുമെന്ന് കര്‍ഷകര്‍ തെളിയിച്ചു. രാഷ്ട്രീയ കൗടില്യങ്ങള്‍ മുമ്പൊക്കെ ജയിച്ചിരുന്നു. സമരത്തെ കുടില പ്രചാരണങ്ങളില്‍പ്പെടുത്തി പരാജയപ്പെടുത്താന്‍ അധികാരകേന്ദ്രങ്ങള്‍ ശ്രമിച്ചു. പക്ഷെ ജീവന്‍, ജീവിതം എന്നിവ വച്ചുള്ള വിലപേശലുകള്‍ക്ക് കര്‍ഷകര്‍ തയാറല്ലായിരുന്നു. ദിവസം ഒന്നു മുതല്‍ അവസാനം വരെ സമരം കൂര്‍പ്പിച്ചു നിര്‍ത്താനായത് കര്‍ഷകരുടെ ഈ നിശ്ചയദാര്‍ഢ്യം കൊണ്ടായിരുന്നു.

നവംബര്‍ 26ന് ദില്ലി ചലോ മാര്‍ച്ചിലൂടെ ആരംഭിച്ച സമരം മോഡിയുടെ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവന കേട്ട് നിര്‍ത്തിപ്പോയില്ല. അവര്‍ക്ക് മടങ്ങിപ്പോവാന്‍ തിടുക്കമില്ലായിരുന്നു. അവര്‍ ചെയ്തത് തോല്ക്കാന്‍ വേണ്ടിയുള്ള യുദ്ധമായിരുന്നില്ല. 750 രക്തസാക്ഷികളുണ്ട്. ലഖിംപുര്‍ കൂട്ടക്കൊലയ്ക്കു പിന്നിലുള്ള കേന്ദ്രമന്ത്രി അജയ്‌സിങ്ങിനെ ശിക്ഷിക്കണം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില കിട്ടണം. ഇപ്പോഴത്തെ അയഥാര്‍ത്ഥമായ താങ്ങുവില സ്വീകരിക്കാനാവില്ല. മധ്യപ്രദേശിലെ ചോളം കര്‍ഷകരും ഹിമാചല്‍പ്രദേശിലെ ആപ്പിള്‍ കര്‍ഷകരും സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വിലയ്ക്കു താഴെ വില്ക്കാന്‍ നിര്‍ബന്ധിതരായതിന്റെ അനുഭവമുണ്ട്. രാജ്യത്ത് ഇരുപതു കോടി കര്‍ഷകരുണ്ട്. അത്രതന്നെ കര്‍ഷകത്തൊഴിലാളികളുമുണ്ട്. അനുബന്ധ വ്യവസായങ്ങളില്‍ ഇനിയും ദശകോടികള്‍. ഈ പ്രശ്നമൊക്കെ ബാക്കിയാണ്. അതിന് ഇനിയും വിശദമായ ചര്‍ച്ചകള്‍ നടക്കണം. അതിനു മാത്രമായി ഒരു പാര്‍ലമെന്റ് കൂടണം. ഇനിയൊരിക്കലും ഇത്തരം ബില്ലുകള്‍ പാസാക്കലും പിന്‍വലിക്കലും പാടില്ല. അതിനു ചില ജനാധിപത്യ രീതികളും മര്യാദകളുമൊക്കെയുണ്ട്. അതിലൂടെയൊക്കെ കടന്നേ എന്തും ചെയ്യാവൂ.

 


ഇതുകൂടി വായിക്കൂ: കര്‍ഷക സമരം: നാളെ സംസ്ഥാനത്ത് വിജയാഹ്ലാദപ്രകടനം


 

അങ്ങനെ കുറെ താക്കീതുകളും പാഠങ്ങളും ഈ സമരത്തില്‍ നിന്നുയിരെടുത്ത് നമ്മുടെ ജനാധിപത്യ ക്രമത്തിന്റെ ഭാഗമാവുന്നു. ഒപ്പം ആകസ്മികമായൊരു ഭൂരിപക്ഷമുപയോഗിച്ച് പാര്‍ലമെന്റിനെ നിസ്തേജമാക്കാമെന്ന അഹങ്കാരത്തിന് ഈ സമരമേല്പിച്ച പ്രഹരം ചെറുതല്ല. ഇതില്‍ ചിലതു കൂടിയുണ്ട്. ശക്തമായൊരു നോണ്‍പൊളിറ്റിക്കല്‍ സമരത്തിനു മുന്നില്‍ മോഡിയെപ്പോലൊരു സ്വേച്ഛാധികാരിക്ക് പിടിച്ചുനില്ക്കാനായില്ല എന്നത് ജനാധിപത്യത്തിന്റെ ശക്തിയാണ്. ഇത് തീര്‍ത്തും ഒരു അഹിംസാത്മക സമരമായിരുന്നു. ഒരുപക്ഷെ ഭാവിയില്‍ ഇത്തരം പൗരമുന്നേറ്റങ്ങള്‍ ഇനിയും സംഭവിക്കും. കര്‍ഷകരെ സമൂലം ബാധിക്കുന്ന നിയമങ്ങള്‍ അവരെ ഉള്‍ച്ചേര്‍ക്കാതെ നടപ്പിലാക്കിയതേ ജനാധിപത്യ നിരാസം. എമര്‍ജന്‍സിയുള്ള കാര്യങ്ങളില്‍ പ്രസിഡന്റിന് ഭരണഘടനയിലെ 123-ാം വകുപ്പു പ്രകാരം നിയമം കൊണ്ടുവരാം. ഈ ഫാം ബില്ലുകള്‍ക്ക് അത്തരം എന്തടിയന്തര സ്വഭാവമാണുണ്ടായിരുന്നത്.

ഈ ബില്ലുകള്‍ കാര്‍ഷിക സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് വിശദ ചര്‍ച്ചകള്‍ നടത്താമായിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു. കര്‍ഷകര്‍ക്ക് സ്റ്റാൻഡിങ് കമ്മിറ്റിയില്‍ അവരുടെ പ്രശ്നങ്ങള്‍ വിശദമായി പറയാന്‍ കഴിയുമായിരുന്നു. അതുവഴി പാര്‍ലമെന്റിലും ചര്‍ച്ചവരും. കര്‍ഷകരെ അടിസ്ഥാനപരമായി ബാധിക്കുന്ന കാര്യങ്ങളില്‍ അവരെ കണ്‍സള്‍ട്ട് ചെയ്തില്ലെന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. അങ്ങനെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാവുമായിരുന്നു. പാര്‍ലമെന്റിന് വിശാലമായൊരു പരിഹാരമുഖമുണ്ട്. അവര്‍ ഇന്ത്യയെ മുഴുവനും പ്രതിനിധാനം ചെയ്യുന്നവരാണല്ലോ.

പിന്നെ എന്തേ അതൊന്നും ചെയ്തില്ല. ഒന്നുകില്‍ കടുത്ത സ്വേച്ഛാധിപത്യ പ്രവണത അതല്ലെങ്കില്‍ കോര്‍പറേറ്റുകളുമായി ചേര്‍ന്നുള്ള ഗുപ്ത അജണ്ട. അതുമല്ലെങ്കില്‍ ഇത് രണ്ടുംകൂടി ചേര്‍ന്ന അവസ്ഥ. ഇത് മൂന്നു ബില്ലുകളുടെ പ്രശ്നമെന്നതിനേക്കാള്‍ ഭരണഘടന, നിയമവ്യവസ്ഥ, മൊത്തം ജനാധിപത്യം എന്നിവയോട് കാണിച്ച ധിക്കാരമാകുന്നതങ്ങനെയാണ്.

പാര്‍ലമെന്റിനെ പരിഗണിക്കാതെയുള്ള ഓര്‍ഡിനന്‍സുതന്നെ ജനാധിപത്യ നിഷേധമാണ്. അത്ര തന്നെ പരിഹാസ്യവുമാണ് അത് പിന്‍വലിച്ചതിലെ ഏകപക്ഷീയത. പാര്‍ലമെന്റിനോ ക്യാബിനറ്റിനുപോലുമോ ഒരു സൂചനപോലും നല്കാതെയുള്ള ഈ രണ്ടു നടപടികളും ഒരു ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പ്രവര്‍ത്തിയാണ്.

 


ഇതുകൂടി വായിക്കൂ: കര്‍ഷകസമരം ചരിത്രവിജയത്തിലേക്ക്


 

ഈ ഒരു വര്‍ഷത്തെ ദുരിതങ്ങളും കാര്‍ഷിക മാനുഷിക ദുരന്തങ്ങളും 750ലധികം കര്‍ഷകരുടെ മരണങ്ങളും ഒക്കെ ഒഴിവാക്കാമായിരുന്നു. ജനങ്ങളുമായി സംസാരിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ എന്തിനാണിത്ര ധൃതിയില്‍ ചെയ്തത്. ഇപ്പോള്‍ ഇതൊക്കെ പിന്‍വലിച്ചതിലെ ആത്മാര്‍ത്ഥതയും ഇന്ത്യ വിശ്വസിക്കേണമോ. അതല്ല വരും തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഭയന്നുള്ള നടപടിയാണോ. ഫാം നിയമങ്ങള്‍ തെറ്റായിരുന്നു എന്ന് ഇപ്പോഴും സര്‍ക്കാര്‍ തുറന്നു പറഞ്ഞിട്ടില്ല. തങ്ങള്‍ ചെയ്ത ശരികള്‍ കര്‍ഷകര്‍ തെറ്റിദ്ധരിച്ചതാണെന്നും അതുകൊണ്ടുണ്ടായ ദുരിതങ്ങള്‍ ദുഃഖകരമായതിനാല്‍ തല്ക്കാലം പിന്‍വലിക്കുന്നു എന്നുമായിരുന്നു സര്‍ക്കാര്‍ഭാഗം. ഏറ്റവും പുതിയ വാര്‍ത്തപ്രകാരം ഈ ബില്ലുകള്‍ വീണ്ടും ചില മിനുക്കലുകളോടെ കൊണ്ടുവരാന്‍ കഴിയുമെന്നും സുചനകളുണ്ട്. അതിന് നിയമസാധുതയുമുണ്ട്.

ജനപ്രതിനിധികളുടെ സര്‍ക്കാരിന് ജനഹിതം നോക്കിയേ പ്രവര്‍ത്തിക്കാനാവു. അതിനുള്ള നിയമങ്ങള്‍ അനുസരിക്കുകയും വേണം. ഭൂരിപക്ഷമെന്നത് കോണ്‍സ്റ്റിറ്റ്യൂഷനല്‍ ജനാധിപത്യത്തിന്റെ കളിനിയമങ്ങളെ മറികടക്കാനാവരുത്. ഇ­പ്പോഴത്തെ സംഭവങ്ങള്‍ തരുന്ന സിഗ്നലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതു തുടര്‍ന്നാല്‍ പിന്നെ പാര്‍ലമെന്റും തെരഞ്ഞെടപ്പുമൊന്നും ആവശ്യമില്ല.

ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്യത്തിലാണ് ഇത്തരം കുറ്റകരമായ മറികടക്കല്‍ നടന്നിരിക്കുന്നത്.

ഓര്‍ഡിനന്‍സ് എന്ന ടൂള്‍കിറ്റ്, സംവാദാധിഷ്ഠിത ജനാധിപത്യത്തിന്റെ ഭാഗമല്ല. അതിന്റെ വര്‍ധന കാണിക്കുന്നത് ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണ്.

അതുകൊണ്ടാണ് കാര്‍ഷിക നിയമം വന്നവഴിയും പോയവഴിയും ആശങ്കാജനകമാവുന്നത്.

Exit mobile version