വീണ്ടും ടി20 ക്രിക്കറ്റ് ആവേശമെത്തുന്നു. വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. കേപ്ടൗണില്‍ രാത്രി 10.30നാണ് മത്സരം.
ഇന്ത്യക്കായി ടി20 കിരീടമെത്തിക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ജുലന്‍ ഗോസ്വാമിയും മിതാലി രാജും പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ലോകകപ്പില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യുവനിരയിലേക്ക്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വര്‍മയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും സീനിയര്‍ ടീമിനും കരുത്താവും. കഴിഞ്ഞതവണ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കിലും ആതിഥേയരോട് തോറ്റ് റണ്ണറപ്പായാണ് ഇന്ത്യ മടങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സ്മൃതി മന്ദാന, ദീപ്തി ശര്‍മ, രേണുക സിങ്, രാജേശ്വരി ഗെയ്ക്‌വാദ്, ജമീമ റോഡ്രിഗസ്, തുടങ്ങിയവരുടെ പരിചയസമ്പത്തും ഇന്ത്യക്ക് പ്രതീക്ഷ. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ്മ, ദേവികാ വൈദ്യ, പൂജാ വസ്ത്രകാര്‍ എന്നിവരും ഫോമിലാണ്. രേണുകാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബൗളിങ് സംഘവും ഇന്ത്യയുടെ കിരീട പ്രതീക്ഷയ്ക്ക് കുതിപ്പേകുമെന്നുറപ്പ്. സമീപകാലത്തെ മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതകള്‍ നടത്തിയ മുന്നേറ്റം ഇത്തവണ കിരീടത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ഇതിനിടെ, ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോടും കഴിഞ്ഞദിവസം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റു. പുത്തന്‍ യുവനിരയും നിരവധി പരിചയ സമ്പന്നരും അടങ്ങിയ ടീം കിരീടമുയര്‍ത്തുമെന്നാണ് ആരാധകരടക്കം പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിങ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.
English Summary: Now the excitement of the T20 World Cup
You may also like this video