Site icon Janayugom Online

ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് പ്രവാസികള്‍

ഉയര്‍ന്ന മാനവികമൂല്യങ്ങളോടെ പ്രവാസി സമൂഹങ്ങളില്‍ സേവനനിരതരായി തുടരുന്നതിനുള്ള പാര്‍ട്ടിയുടെ അംഗീകാരമാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അവസരമെന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ തിരികെ വിമാനം കയറാനുള്ള ടിക്കറ്റുമായാണ് ഇവരില്‍ പലരും എത്തിയത്. എല്ലാ തിരക്കുകളിലും സാമ്പത്തികനേട്ടങ്ങളിലും പാര്‍ട്ടിയും ചെങ്കൊടിയും ഉള്ളില്‍ ചേര്‍ന്നിരിക്കുന്നു. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ  11 പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.
യുഎഇയില്‍ നിന്ന് ബിജു ശങ്കര്‍, റോയ് വര്‍ഗീസ്, അനീഷ് നിലമേല്‍. ഒമാനില്‍ നിന്ന് ഇ ആര്‍ ജോഷിയും സന്തോഷ് കുമാറും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഉണ്ണി മാധവ്, പി പി റഹിം, ദാസന്‍ രാഘവന്‍ എന്നിവരാണ് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത്. ഖത്തറിനെ പ്രതിനിധീകരിച്ച് സിറാജുദ്ദീനും കുവൈറ്റില്‍ നിന്നും ഷാജി മംഗലശ്ശേരിയും സമ്മേളനത്തിലുണ്ട്. ബഹറൈനെ പ്രതിനിധീകരിച്ച് എ കെ സുഹൈലും സമ്മേളനത്തിന് എത്തി. യുഎഇയില്‍ യുവകലാസാഹിതിയുടെ ബാനറിലും മൈത്രി ഒമാന്‍ എന്ന പേരില്‍ ഒമാനിലും കുവൈറ്റില്‍ കേരളാ അസോസിയേഷന്‍ എന്ന ബാനറിലും പ്രവാസികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വിശ്വസ്തയോടെ നിലകൊള്ളുന്നു. ബഹറെനില്‍ നവകേരള വേദി, സൗദിയില്‍ ന്യൂ എജ് ഫോറം, നവയുഗം, ഖത്തറില്‍ യുവകലാസാഹിതി എന്നീ സംഘടനകള്‍ അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളുമായി സഹകരിച്ച് കോവിഡ് കാലത്തുള്‍പ്പെടെ നടത്തിയ സേവനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. പ്രവാസികളുടെ ഏതാവശ്യത്തിലും സജീവമാണ് സംഘടനയും പ്രവര്‍ത്തകരും.

Exit mobile version