Site iconSite icon Janayugom Online

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ; സുരേഷ് ഗോപിയെ അഭിനന്ദിച്ചത് അബദ്ധം, എന്‍ എസ് മാധവന്‍

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ലക്ഷദ്വീപ് വിഷയത്തില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് താൻ നേരത്തെ പങ്കുവച്ച പോസ്റ്റിനോടൊപ്പമായിരുന്നു സുരേഷ് ഗോപിക്കെതിരെ എന്‍ എസ് മാധവന്റെ ട്വിറ്റര്‍ പോസ്റ്റ്. സുരേഷ് ഗോപിയെ അഭിനന്ദിച്ചതിന് തന്നെ സ്വയം പഴിക്കുന്നുവെന്നായിരുന്നു മാധവന്‍ വ്യക്തമാക്കിയത്.

‘എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ ട്വിറ്റ്. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് 2021ല്‍ എഴുതിയ ട്വിറ്റ് റീട്വീറ്റ് ചെയ്താണ് തനിക്ക് പറ്റിപ്പോയത് അബദ്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല’ എന്നാതായിരുന്നു എൻ എസ്. മാധവന്റെ പഴയ ട്വീറ്റ്.

ഇന്നലെയാണ് സുരേഷ് ഗോപി അവിശ്വാസികളോടു തനിക്കു സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ക്കു നേര്‍ക്കു വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്നും പറഞ്ഞത്. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും, സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല” എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Eng­lish Sum­ma­ry: NS Mad­ha­van against Suresh Gopi
You may also like this video

Exit mobile version