പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി സനു ഷിഹാബുദ്ദീനാണ്(27) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ പ്രദേശവാസിയല്ലാത്തതിനാൽ തിരിച്ചറിയാൻ ആദ്യം പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. വ്യാഴാഴ്ച രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

