Site iconSite icon Janayugom Online

നൂഹ്: ഹിന്ദുമത മഹാപഞ്ചായത്തില്‍ കൊലവിളി

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഹരിയാനയില്‍ പ്രകോപനപരമായ പ്രസംഗവുമായി ഹിന്ദുത്വ നേതാക്കള്‍. പൊലീസിനേയും അന്യമതസ്ഥരേയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വിദ്വേഷ പ്രസ്താവനകളാണ് ഹരിയാനയിലെ പല്‍വാളില്‍ നടന്ന ഹിന്ദുമത പഞ്ചായത്തില്‍ ഉയര്‍ന്നുകേട്ടത്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയോടെയായിരുന്നു പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പുല്ലുവില കല്പിക്കാതെയായിരുന്നു പ്രസംഗങ്ങള്‍. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പ്രസംഗകര്‍ ഒന്നടങ്കം വിദ്വേഷം ചൊരിയുകയായിരുന്നു. 

‘നിങ്ങള്‍ വിരല്‍ ഉയര്‍ത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ കൈകള്‍ വെട്ടും’ എന്നായിരുന്നു നേതാക്കളിലൊരാളുടെ പ്രസ്താവന. റൈഫിളുകള്‍ക്ക് ലൈസന്‍സ് വേണം എന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രസംഗത്തിലെ ആവശ്യം. സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളെ വിട്ടയക്കണം, നൂഹ് ജില്ല ഇല്ലാതാക്കണം, ജില്ലയെ ഗോഹത്യ നിരോധന മേഖലയാക്കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂലൈ 31ന് നടന്ന കലാപം എൻഐഎ അന്വേഷിക്കണമെന്നും കലാപത്തില്‍ മരിച്ച തങ്ങളുടെ വിഭാഗത്തിന് ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 50 ലക്ഷം രൂപയും നല്‍കണമെന്നും തുക കുറ്റക്കാരില്‍ നിന്നും ഈടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു ഹോം ഗാര്‍ഡുകളും ഒരു ഇമാമുമടക്കം ആറുപേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദുത്വ സംഘടനകളുടെ ബ്രജ്മണ്ഡല്‍ ഘോഷയാത്ര നിര്‍ത്തിവെച്ചിരുന്നു. ഇത് ഈ മാസം 28 മുതല്‍ പുനരാരംഭിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. നേരത്തെ നൂഹിലാണ് സമ്മേളനം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് നൂഹില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പല്‍വാലിലേക്ക് യോഗം മാറ്റിയത്.
സര്‍വ് ഹിന്ദു സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. നേരത്തെ മഹാപഞ്ചായത്ത് നടത്താന്‍ ഹിന്ദു സംഘടനകളായ ബജ്റംഗ്ദളിനും വി എച്ച്പിക്കും അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ട് സംഘടനകളിലെയും അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തെ ഗുരുഗ്രാമില്‍ പൊലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു സമാജ് മഹാപഞ്ചായത്ത് നടത്തിയിരുന്നു. ഇതില്‍ മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം മുസ്ലിങ്ങൾ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന പ്രമേയം പാസാക്കിയ ഗ്രാമപഞ്ചായത്തുകൾക്കും സർപാഞ്ചുകൾക്കും ഹരിയാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

Eng­lish Summary;Nuh: Killing in Hin­du Maha Panchayat

You may also like this video

Exit mobile version