ലാഭം മാത്രം ലക്ഷ്യമാക്കി, കേരളത്തിലോടുന്ന നാല് തീവണ്ടികളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ ദക്ഷിണ റെയിൽവേ. സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ആശ്രയിക്കുന്ന വലിയ വിഭാഗം സാധാരണക്കാരുടെ യാത്ര ദുഷ്കരമാകും. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എസി ത്രീടയർ കോച്ചുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. അടുത്ത മാസത്തോടെയാണ് മാറ്റം നിലവിൽ വരുക. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് എന്നീ വണ്ടികളിലാണ് മാറ്റം. ഭാവിയിൽ എല്ലാ വണ്ടികളിലും ഘട്ടംഘട്ടമായി സ്ലീപ്പർ- ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് നീക്കം.
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളോടാണ് കൂടുതൽ താല്പര്യം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം. അതേ സമയം, സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനുകളിൽ എസി കോച്ചുകൾ കൂട്ടാൻ സതേൺ റെയിൽവേ തയ്യാറാകുന്നില്ല എന്ന യാത്രക്കാരുടെ ആക്ഷേപം ശക്തവുമാണ്. തിരുവനന്തപുരം-ഷൊർണൂർ വേണാട്-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, ആലപ്പി-കണ്ണൂർ എക്സ്പ്രസ്, എറണാകുളം-ബംഗളൂരു ഇന്റർസിറ്റി, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എന്നീ ട്രെയിനുകളിൽ ഒരു എസി ചെയർ കാർ കോച്ച് വീതമെയുള്ളുവെന്നാണ് പരാതി.
എന്നാൽ, തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന ഇന്റർസിറ്റി തീവണ്ടികളിൽ മൂന്നു വിതം എസി കോച്ചുകളാണുള്ളത്. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിൽ വടക്കേ ഇന്ത്യൻ ഭക്ഷണം അടിച്ചേല്പിക്കുകയാണെന്ന പരാതിയുമായി യാത്രക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഐആർസിടിസി,ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ കരാർ നൽകിയിരിക്കുന്നത് വടക്കേ ഇന്ത്യക്കാർക്കായതിനാൽ അവർ തരുന്നത് കഴിച്ചു കൊള്ളണം എന്ന മനോഭാവമാണ് യാത്രക്കാരോടുള്ളത്. കേരളത്തിലോടുന്ന തീവണ്ടിയിൽ മലയാളിക്ക് പ്രിയമായ ഭക്ഷണം വിതരണം ചെയ്യണമെന്ന് പാർലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: number of sleeper coaches to be reduced
You may also like this video