Site iconSite icon Janayugom Online

നഴ്‌സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ചു; ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

നഴ്‌സറി വിദ്യാര്‍ഥിനിയായ നാലുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. തെലങ്കാനയിലെ ഷാഹ്പുറിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുവയസ്സുകാരിയെ സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. 

സ്‌കൂള്‍ പ്രവര്‍ത്തനസമയത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ്. ഇവര്‍ സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുവിടാന്‍പോയ സമയത്താണ് മറ്റൊരു ജീവനക്കാരിയായ ലക്ഷ്മി കുട്ടിയെ മര്‍ദിച്ചത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയുടെ തലയ്ക്കടിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും നിലത്തിട്ട് കുട്ടിയെ ഉരുട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്‌കൂളിന്റെ അയല്‍പ്പക്കത്ത് താമസിക്കുന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

കുട്ടിയുടെ അമ്മയോട് പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നതായും ഇതാണ് കുട്ടിയെ മര്‍ദിക്കാന്‍ കാരണമായതെന്നും പൊലീസ് പറഞ്ഞു. ചെറുപ്പക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് വന്നതോടെ തന്റെ ജോലി പോകുമെന്ന് ലക്ഷ്മി ഭയപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം മറ്റുകുട്ടികളെ ഉപദ്രവിച്ചതായി വിവരമില്ലെന്നും ഇതുവരെ മറ്റു രക്ഷിതാക്കളൊന്നും ഇത്തരം പരാതികള്‍ പറഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

Exit mobile version