നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട കോടതി റിമാന്‍ഡ് ചെയ്തത്.
ഇവരെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് നാളെ അപേക്ഷ സമര്‍പ്പിക്കും. അതേസമയം പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബത്തിന്റെ മൊഴി. അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ് എം ഇ കോളജിലെ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്.