ഒബാമാകെയർ സബ്‌സിഡികൾ നിർത്തലാക്കാനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭയുടെ അംഗീകാരം. ഇതോടെ യുഎസ് കുടുംബങ്ങളുടെ ആരോഗ്യ ചെലവ് കുത്തനെ വര്‍ധിക്കും. ഈ മാസം 31ന് ശേഷം ആരോഗ്യ പരിപാലന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയും ഇരട്ടിയായി ഉയരും. ഈ വർഷം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുൾ ബില്ലിന്റെ ഭാഗമായാണ് ഒബാമ കെയര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ പദ്ധതികളില്‍ വെട്ടിച്ചുരുക്കലുകള്‍ പ്രഖ്യാപിച്ചത്. ഈ വെട്ടിക്കുറവുകളുടെ ഫലമായി 22 ദശലക്ഷം ആളുകൾക്ക് ആരോഗ്യ പരിരക്ഷ നഷ്ടപ്പെടും.
ഒബാമാകെയർ സബ്‌സിഡികൾ നീട്ടുന്നതിനെക്കുറിച്ചുള്ള ബില്ലില്‍ കോണ്‍ഗ്രസ് അവധിക്കാലത്തിനു മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് 214 ഡെമോക്രാറ്റുകളുടെയും നാല് റിപ്പബ്ലിക്കൻമാരുടെയും ഉഭയകക്ഷി സഖ്യം ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സഭയും സെനറ്റും ഡെമോക്രാറ്റ് ബില്‍ അംഗീകരിച്ചാൽ, താങ്ങാനാവുന്ന പരിചരണ നിയമ (എസിഎ) ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഉപഭോക്താക്കൾക്ക് നികുതി കെഡ്രിറ്റുകള്‍ മൂന്ന് വര്‍ഷത്തേക്കു കൂടി നീട്ടും. എന്നാല്‍ വോട്ടെടുപ്പ് നടത്താന്‍ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ വിസമ്മതിക്കുകയായിരുന്നു.

