സംഗീത ചക്രവർത്തി ഡോ. കെ.ജെ. യേശുദാസിന്റെ എൺപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രവാസലോകം ഒരുക്കുന്ന വൻകിട സംഗീതശില്പം ‘ഗന്ധർവ്വ നാദം’ ഇന്ന് പുറത്തിറങ്ങുന്നു. യോയോ ക്രിയേഷൻസിന്റെ ബാനറിൽ കുവൈറ്റിലെയും ദുബായിലെയും പ്രവാസി കലാകാരന്മാർ ഒത്തുചേർന്നാണ് ഈ ദൃശ്യ‑ശ്രാവ്യ വിരുന്ന് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായകൻ ഉണ്ണി മേനോൻ പാടുന്നു എന്നതാണ് ഈ ആദരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കുവൈറ്റ് പ്രവാസിയും കേരള അസോസിയേഷൻ പ്രെസിഡന്റുമായ ബിവിൻ തോമസ് പാലത്തിങ്കൽ നിർമ്മിച്ച ഈ ഗാനത്തിന് കുവൈറ്റിലെ പ്രമുഖ സിനിമ പ്രവർത്തകനായ പ്രവീൺ കൃഷ്ണയാണ് വരികളെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ദുബായ് പ്രവാസിയായ വിമൽ മാത്യു ഈണം പകർന്നിരിക്കുന്നു.
ഏഴ് പതിറ്റാണ്ടോളമായി മലയാളി ജീവിതത്തിന്റെ ഭാഗമായ ദാസേട്ടന്റെ സംഗീത യാത്രയെ അടയാളപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും. നെൽസൺ പീറ്ററിന്റെ ഓർക്കസ്ട്രേഷനും രഞ്ജിത്ത് വാസുദേവിന്റെ മിക്സിംഗും ഗാനത്തിന് കരുത്ത് പകരുന്നു. ജലീൽ ബാദുഷയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യേശുദാസിന്റെ സംഗീതത്തെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സ്നേഹോപഹാരമായി ‘ഗന്ധർവ്വ നാദം’ പ്രേക്ഷകരിലേക്ക് ഒരു പുത്തൻ അനുഭവമായി എത്തും.

