Site icon Janayugom Online

അശ്ലീല ഉള്ളടക്കം; നിരോധിച്ച ഒടിടി ആപ്പുകള്‍ പേര് മാറ്റി വീണ്ടും രംഗത്ത്

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് നിരോധിച്ച ഒടിടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും പേര് മാറ്റി വീണ്ടും രംഗത്ത്. മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്ലാറ്റ് ഫോമുകളെയായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതിൽ യെസ്മ ഉൾപ്പെടെയുള്ള പല ആപ്പുകളും പുതിയ പേരിൽ നിരോധിത കണ്ടന്റുകൾ വീണ്ടും കാഴ്ചക്കാരിലേക്കെത്തിക്കുകയാണ്. സിഗ്മ സീരീസ് സീരീസ് എന്ന പേരിലാണ് യെസ്മ നിരോധനത്തെ മറികടക്കുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അശ്ലീലവും ചൂഷണവും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 19 വെബ് സൈറ്റുകളും പത്ത് ആപ്പുകളും 57 സോഷ്യൽ മീഡിയാ അക്കൗണ്ടുകളും സർക്കാർ നിരോധിച്ചത്. അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുമാണ് ഇത്തരം പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ നിരോധിക്കപ്പെട്ട എല്ലാ സിനിമകളും ഹ്രസ്വ ചിത്രങ്ങളും പുതിയ പേരിലുള്ള ആപ്പിലൂടെ വീണ്ടും കാഴ്ചക്കാരിലെത്തിക്കുകയാണ് യെസ്മയുടെ അണിയറ പ്രവർത്തകർ ചെയ്യുന്നത്. 

ഒടിടി പ്ലാറ്റ് ഫോമുകളിലെ വീഡിയോകൾക്ക് സെൻസർഷിപ്പ് ബാധകമല്ലെന്ന നിയമം മറയാക്കിയായിരുന്നു അശ്ലീല, പോൺ വീഡിയോകൾ മലയാളത്തിൽ ഉൾപ്പെടെ ഒരുക്കിയിരുന്നത്. എന്നാൽ ഐടി നിയമത്തിലെ സെക്ഷൻ 67,67 എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 292,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലഘനം കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുകയും ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തുകയുമായിരുന്നു. നേരത്തെയും കേന്ദ്ര സർക്കാർ ഇത്തരത്തിൽ പല അശ്ലീല വൈബ് സൈറ്റുകളും നിരോധിച്ചിരുന്നുവെങ്കിലും ഇവയെല്ലാം പേര് മാറ്റി വീണ്ടും സജീവമാകുകയായിരുന്നു. ഇതേ മാതൃകയാണ് മലയാളം ഒടിടിയായ യെസ്മ ഉൾപ്പെടെ പിന്തുടരുന്നത്. നിരോധിക്കപ്പെട്ട ഡ്രീംസ് ഫിലിംസ്, വൂവി, അൺകട്ട് അഡ്ഡ, ട്രൈ ഫിള്ക്, എക്സ് പ്രൈം തുടങ്ങിയവയും നിരോധനം മറികടക്കാൻ ഇതേ മാർഗമാണ് സ്വീകരിക്കുന്നത്. 

ഹിന്ദി, മറാത്തി ഭാഷകളിലായിരുന്നു ഇന്ത്യയിൽ ആദ്യമായി ഇത്തരം ചിത്രങ്ങൾ ഒരുക്കിയിരുന്നത്. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഒടിടി എന്ന പ്രഖ്യാപനത്തോടെ യെസ്മ ആരംഭിക്കുന്നത്. ആര്യനന്ദ ക്രിയേഷൻസിന്റെ ബാനറിൽ ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത നാൻസി എന്ന ചിത്രമാണ് ഒടിടിയിൽ ആദ്യമായി സംപ്രേഷണം ചെയ്തത്. ഇതിന് പിന്നാലെ ഇതേ വ്യക്തിയുടെ സംവിധാനത്തിൽ സെലിന്റെ ട്യൂഷൻ ക്ലാസ്, പാൽപ്പായസം, പപ്പടം, പുളിഞ്ചിക്ക, കൊടൈക്കനാൽ, മുന്തിരിക്കൊത്ത് തുടങ്ങി നിരവധി അശ്ലീല ചിത്രങ്ങൾ പുറത്തുവന്നു. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി വെബ് സീരീസ് എന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. എഡിറ്റ് ചെയ്യാത്ത ഭാഗങ്ങൾ മറ്റ് വഴികളിലൂടെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബബന്ധങ്ങൾ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദർഭങ്ങളിൽ നഗ്നതയും ലൈംഗിക പ്രവർത്തനങ്ങളും ഇത്തരം സിനിമകൾക്കായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഐ ടി മന്ത്രാലയം വ്യക്തമാക്കിയത്. ചെറിയ കുട്ടികൾക്കിടയിലേക്ക് വരെ ഇത്തരം ചിത്രങ്ങൾ യഥേഷ്ടം എത്തുകയും ചെയ്തിരുന്നു. 

യെസ്മയുടെ സിനിമകളിൽ അഭിനയിച്ച പല അഭിനേതാക്കളും തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി പരാതിയുമായി രംഗത്തെത്തിയത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളും സിനിമകളും ഒരുക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കണിക്കപ്പെട്ടിരുന്നു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ ഉപയോഗപ്പെടുത്തി പോൺ വീഡിയോ പോലെ തന്നെയായിരുന്നു പിന്നീട് യെസ്മ സിനിമകൾ ഒരുക്കിക്കൊണ്ടിരുന്നത്. നിരോധിക്കപ്പെടുന്ന ഒടിടി പ്ലാറ്റ് ഫോമുകളും വെബ് സൈറ്റുകളും വളരെ എളുപ്പത്തിൽ തന്നെ നിരോധിത കണ്ടന്റുകളുമായി വീണ്ടും രംഗത്തെത്തുമ്പോൾ കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന നിരോധനങ്ങളുടെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Eng­lish Summary:obscene con­tent; Banned OTT apps and social media plat­forms are back on the scene with a name change
You may also like this video

Exit mobile version