Site iconSite icon Janayugom Online

ഒക്ടോബർ വിപ്ലവത്തിന്റെ പ്രചോദനം

മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വാർഷിക ദിനമാണിന്ന്. മാനവരാശിയുടെ ചരിത്രത്തെ മാറ്റിമറിച്ച ഒന്നായിരുന്നു അത്. തൊഴിലാളികൾ അധികാരം കയ്യാളിയ ആദ്യഭരണമാണ് 1917ൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ റഷ്യയിലുണ്ടായത്. മഹാനായ ലെനിന്റെയും ബോൾഷെവിക് പാർട്ടിയുടെയും നേതൃത്വത്തിൽ, തൊഴിലാളികളും കൃഷിക്കാരും നടത്തിയ വിപ്ലവത്തിലൂടെ സാറിസ്റ്റ് റഷ്യയിലെ ജനങ്ങളാണ് സാമൂഹ്യമായ മോചനം നേടിയതെങ്കിലും ആത്യന്തികമായി അത് ലോകമാകെ പ്രതിധ്വനികളും പ്രകമ്പനങ്ങളും സൃഷ്ടിച്ചു. ലോകത്താകെയുള്ള മാനവരാശിയുടെ വിമോചന സ്വപ്നങ്ങൾക്ക് അത് പ്രചോദനമേകി. വിവിധ രാജ്യങ്ങളിലെ പുരോഗതിയുടെ പാതയിൽ അനശ്വരമായ വെളിച്ചം വീശുകയും ചെയ്തു. ഭൂപ്രഭുത്വ വ്യവസ്ഥയെ തകർക്കുകയും അവിടെ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്കിടയിൽ കൃഷിഭൂമി വിതരണം നടത്തുകയും ചെയ്തു. റഷ്യൻ സാമ്രാജ്യത്തിലെ കൊളോണിയൽ വ്യവസ്ഥയെ തകർത്തു. എല്ലാ അധഃസ്ഥിത ജനതയുടെയും നിരുപാധികമായ സ്വയംനിർണയാവകാശം പ്രഖ്യാപിച്ചു. സർവോപരി, ലോകത്തിലെല്ലാ രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളിൽ, വിശേഷിച്ച് ഏഷ്യയിലെയും മറ്റും കൊളോണിയൽ അടിമത്തത്തിന്റെ നുകംപേറുന്ന ജനങ്ങളില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങളിലൂടെ സാമ്രാജ്യത്വത്തെയും സ്വേച്ഛാധിപത്യത്തെയും സംഘടിത ബഹുജനശക്തിക്ക് പരാജയപ്പെടുത്താൻ കഴിയുമെന്ന ആശയുടെ നാളം കൊളുത്തി. ആ വിപ്ലവം നയിച്ചത് മഹാനായ ലെനിനും അദ്ദേഹം സ്ഥാപിക്കുകയും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്ത ബോൾഷെവിക് പാർട്ടിയുമാണ്.

ഒക്ടോബർ വിപ്ലവത്തിന്റെ പ്രതിഫലനം ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ടായി. യൂറോപ്യൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളിൽ വിവിധ കോളനിരാജ്യങ്ങളിലെ വിമോചനപോരാട്ടങ്ങൾക്ക് അത് കരുത്തുപകർന്നു. മാർക്സിസത്തിന്റെയും ലെനിനിസത്തിന്റെയും അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികൾ ലോകവ്യാപകമായി സ്ഥാപിതമാകുന്നത് ഒക്ടോബർ വിപ്ലവാനന്തരമായിരുന്നുവെന്ന് ചരിത്രത്തിന്റെ നാൾ വഴികൾ പരിശോധിച്ചാൽ വ്യക്തമാകും. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് പകരമൊരു സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥ ലോകത്ത് ആവിർഭവിച്ചുവെന്നത് പല രാജ്യങ്ങളിൽ നിലനിന്ന അക്കാലത്തെ മുതലാളിത്ത, ജന്മിത്വ വ്യവസ്ഥകളെ അസ്വസ്ഥപ്പെടുത്തി. അതുകൊണ്ടുതന്നെ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെ തകർക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. യുദ്ധങ്ങളും കുതന്ത്രങ്ങളുമായി അവർ അതിന് കിണഞ്ഞു ശ്രമിച്ചു. എങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങളുടെയും സൈനികശക്തിയുടെയും പിന്തുണയോടെ അതിനെ അതിജീവിക്കുവാൻ ആ രാജ്യത്തിന് സാധിച്ചു. എന്നുമാത്രമല്ല കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥയെ സ്വീകരിക്കുന്നതിനും കാരണമായി. ഒക്ടോബർ വിപ്ലവത്തിന്റെ സ്വാധീനം പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായിരുന്നു. പുതിയ വിപ്ലവ ശക്തികളെ അത് രംഗത്ത് കൊണ്ടുവന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും പ്രചോദനം നൽകി. ബഹുജന സമരം, പൂർണ സ്വാതന്ത്ര്യം, ലോകവ്യാപകമായ സാമ്രാജ്യത്വവിരുദ്ധ സമരശക്തികളുമായുള്ള ബന്ധം, സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന് സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പരിപാടികൊണ്ട് മൂർത്തരൂപം നൽകൽ അങ്ങനെ പലവഴിക്കും അത് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഗതിയെ സ്വാധീനിച്ചു.


ഇതുകൂടി വായിക്കൂ: തൊഴിലാളിവര്‍ഗ പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി


ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സാംസ്കാരിക നവോത്ഥാനത്തിന്റെ മുന്നിൽ നടന്ന പുരോഗമന ചിന്താഗതിക്കാരിലും ദേശസ്നേഹികളിലും ഒക്ടോബർ വിപ്ലവത്തിന്റെ പുത്തൻകാറ്റ് അനുരണനങ്ങൾ ഉണ്ടാക്കി. ഒക്ടോബർ വിപ്ലവത്തിന്റെ മാസ്മരികശക്തി നമ്മുടെ നാട്ടിലെ ജനലക്ഷങ്ങളുടെ കഷ്ടപ്പാടും വിദേശാധിപത്യത്തിൽനിന്ന് മോചനം നേടാനുള്ള പോരാട്ടത്തിന്റെ അനുഭവങ്ങളുമായി കൂടിച്ചേർന്നപ്പോൾ പുതിയ ചിന്തകളും പുതിയ വീക്ഷണങ്ങളുമായി അത് സർവതല പ്രചോദിതമായി. കേരളത്തിൽ ഒക്ടോബർ വിപ്ലവവും അതിൽനിന്ന് ഉയർന്നുവന്ന സോവിയറ്റ് റഷ്യയിലെ ആദ്യത്തെ സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളും ആദ്യമായി ആകർഷിച്ചത് ഇവിടത്തെ ജാതി വ്യത്യാസങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കും എതിരായും സാമൂഹ്യ സമത്വത്തിനും നീതിക്കും വേണ്ടിയും പോരാടിയിരുന്ന നവോത്ഥാന പ്രസ്ഥാനങ്ങളെയാണ്. അടിച്ചമർത്തലും ചൂഷണവും പുതിയ രൂപം കൈവരിച്ചിരിക്കുന്നു. പരിസ്ഥിതിയുടെയും വികസനത്തിന്റെയും പ്രശ്നങ്ങൾ ഉയർന്നു വരുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ അധിഷ്ഠിതമായ വികസന പ്രക്രിയ ലോകത്ത് പല രാജ്യങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ലാഭം മാത്രം ലക്ഷ്യം വച്ചുള്ള മുതലാളിത്ത നയങ്ങൾക്കു പകരം മനുഷ്യനെയും ഭൂമിയെയും മുഖ്യപരിഗണനാ വിഷയമാക്കുന്ന സോഷ്യലിസ്റ്റ് വികസന നയങ്ങളാണ് ലോകത്തിന് ആവശ്യമെന്ന് പല രാജ്യങ്ങളും സ്വയമേവ തിരിച്ചറിയുകയും ആ പാത സ്വീകരിക്കുകയും ചെയ്യുന്നത് തന്നെയാണ് ഒക്ടോബർ വിപ്ലവത്തെ എല്ലാ കാലത്തും പ്രസക്തമാക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെയും അതേത്തുടർന്ന് ലോകത്തെ പല രാജ്യങ്ങളിലും സ്ഥാപിതമായ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും പ്രസക്തി കൂടുതൽ പ്രകടമാകുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ വാർഷികമെത്തുന്നത്. ഇസ്രയേൽ പലസ്തീനു നേരെ നടത്തുന്ന അധിനിവേശവും കടന്നാക്രമണങ്ങളും ശക്തമായ ഘട്ടം കൂടിയാണിത്. ഏകധ്രുവലോകത്തിനായുള്ള സാമ്രാജ്യത്വ ശക്തികളുടെ നീക്കം കൂടുതൽ രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ലോക മുതലാളിത്തവും ഇന്ത്യയിൽ ഉൾപ്പെടെ നിലവിലുള്ള ഭരണകൂടങ്ങളും കോർപറേറ്റ് ആഭിമുഖ്യവും സാമ്രാജ്യത്വ ദാസ്യമനോഭാവവും കൂടുതൽ പ്രകടമാക്കുമ്പോൾ അതിനെതിരായ പോരാട്ടങ്ങളിൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സ്മരണ ആവേശമേകും.

Exit mobile version